വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ജസ്‌പ്രിറ്റ് ബുമ്രയുടെ പരിക്ക്. ഓസ്ട്രേലിയയിൽ ഇന്ത്യയുടെ പ്രധാന ബോളറാകും എന്ന് കരുതിയിരുന്ന ബൂംറയെ അപ്രതീക്ഷിതമായി പരിക്ക് പിടികൂടുകയായിരുന്നു. നിലവിൽ ഇതുവരെ ഇന്ത്യ ബുമ്രക്ക് പകരക്കാരനെ കണ്ടെത്തിയിട്ടില്ല. മുഹമ്മദ് ഷാമിയുടെ ഫിറ്റ്നസ് സംബന്ധിച്ച് വിവരങ്ങൾക്കായി ഇന്ത്യ ഇപ്പോഴും കാത്തിരിക്കുകയാണ്. എന്നാൽ ബുമ്രയ്ക്ക് പകരക്കാരനെ കണ്ടെത്തുന്നത് അത്ര എളുപ്പം സാധ്യമാകുന്ന കാര്യമല്ല എന്നാണ് മുൻ ദക്ഷിണാഫ്രിക്കൻ ബോളർ ഡെയിൽ സ്‌റ്റെയ്‌ൻ പറയുന്നത്.
ബുമ്രയെപോലെ ബുമ്ര മാത്രമാണുള്ളതെന്നും പകരക്കാരനെ കണ്ടെത്താൻ പ്രയാസമാണെന്നും സ്‌റ്റെയ്‌ൻ പറയുന്നു. “ബുമ്രയെപോലെ ഒരാളുടെ വിടവ് നികത്തുക എന്നത് അത്ര അനായാസകരമായ കാര്യമല്ല. അത് വളരെ ബുദ്ധിമുട്ടാണ്. കാരണം അയാൾ ഒരു ലോകോത്തര നിലവാരമുള്ള കളിക്കാരനാണ്. എന്തായാലും ലോകകപ്പിൽ ഇന്ത്യ ബുമ്രയെ വളരെയേറെ മിസ് ചെയ്യും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.”- സ്‌റ്റെയ്‌ൻ പറഞ്ഞു.
“യഥാർത്ഥത്തിൽ അതൊരു പ്രയാസമുള്ള കാര്യമാണ്. പകരക്കാരായി ആരുവന്നാലും അവർ നന്നായി കളിക്കുക എന്നതേയുള്ളൂ. സാധാരണ അവർ കളിക്കുന്നതിലും കുറച്ചധികം മെച്ചപ്പെട്ട രീതിയിൽ കളിക്കേണ്ടിവരും. അതിനാൽ ആരെ പകരക്കാരനായി തിരഞ്ഞെടുത്താലും അവർ തങ്ങളുടെ മത്സരത്തിന്റെ ചെറിയ ശതമാനമെങ്കിലും മെച്ചമുണ്ടാക്കണം”- സ്‌റ്റെയ്‌ൻ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയുടെ ഓസ്ട്രേലിയയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ട്വന്റി20 പരമ്പരകളിൽ ബുമ്ര കളിക്കുമെന്നായിരുന്നു മുൻപ് കരുതിയിരുന്നത്. എന്നാൽ ഓസ്ട്രേലിയക്കെതിരായ രണ്ടു മത്സരങ്ങൾ മാത്രം കളിക്കാനേ ബുമ്രയ്ക്ക് സാധിച്ചിരുന്നുള്ളൂ. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുമ്പ് ബുമ്രയെ പരിക്ക് പിടികൂടുകയായിരുന്നു.