ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ പരാജയം വലിയ രീതിയിൽ ബാധിച്ചിരിക്കുന്നത് പാകിസ്ഥാൻ ടീമിന്റെ സെമിഫൈനൽ സാധ്യതകളെയാണ്. ഇനി പാക്കിസ്ഥാൻ നേരിടേണ്ടത് ദക്ഷിണാഫ്രിക്കയെയും ബംഗ്ലാദേശിനെയുമാണ്. ഈ രണ്ടു മത്സരങ്ങളും വിജയിക്കുകയും, ഒപ്പം മറ്റ് റിസൾട്ടുകൾ അനുകൂലമായി വരികയും ചെയ്താൽ മാത്രമേ പാക്കിസ്ഥാന് ലോകകപ്പിന്റെ സെമിഫൈനലിൽ എത്താൻ സാധിക്കൂ. ഈ സമയത്ത് പാകിസ്ഥാൻ മറ്റു ടീമുകളെ കുറ്റപ്പെടുത്താതെ സ്വയം വിജയിക്കാൻ ശ്രമിക്കണമെന്നാണ് മുൻപാക്ക് താരം ഡാനിഷ് കനേറിയ പറയുന്നത്.
“ഞാൻ ഇക്കാര്യം മുൻപും പറയുകയുണ്ടായി. ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യ പരാജയപ്പെടുകയാണെങ്കിൽ ജനങ്ങൾ തീർച്ചയായും പറയുന്നത് ഇന്ത്യ പ്രത്യേക ലക്ഷ്യത്തോടെ പരാജയം ഏറ്റുവാങ്ങിയെന്നാവും. അതുതന്നെയാണ് ഇപ്പോൾ നടക്കുന്നതും. കോഹ്ലി ക്യാച്ച് നഷ്ടപ്പെടുത്തി, രോഹിത് നന്നായി ഫീൽഡ് ചെയ്തില്ല. ഇതൊക്കെയാണ് അവർ പറയുന്നത്. പക്ഷേ പാക്കിസ്ഥാൻ മികച്ച രീതിയിൽ കളിക്കണമെന്നില്ല. അവർക്ക് എപ്പോഴും മറ്റു ടീമുകളെ ആശ്രയിക്കണം.”- ഡാനിഷ് കനേറിയ പറയുന്നു.
ഇതോടൊപ്പം പാകിസ്താന്റെ നിലവിലെ അവസ്ഥ പരിതാപകരം തന്നെയാണെന്നും ഡാനിഷ് കനേറിയ പറയുന്നു. നെതർലതിരായ മത്സരത്തിൽ പാകിസ്ഥാൻ ഭാഗ്യത്തിന് ജയിച്ചതാണെന്ന് കനേറിയ പറയാതെ പറയുന്നുണ്ട്. “നെതർലാൻഡ്സ് 120-130 റൺസ് മത്സരത്തിൽ നേടിയിരുന്നെങ്കിൽ മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടേനെ.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
പാക്കിസ്ഥാൻ ഉടൻതന്നെ ലോകകപ്പിൽ നിന്ന് പുറത്താക്കും എന്നാണ് ഡാനിഷ് കനേറിയ കരുതുന്നത്. അടുത്ത മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് പാകിസ്താന്റെ എതിരാളികൾ. മത്സരത്തിൽ പരാജയമറിഞ്ഞാൽ പാക്കിസ്ഥാൻ ലോകകപ്പിന് പുറത്താക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.