നിലവിൽ ന്യൂസിലാൻഡിനെതിരായ ട്വന്റി20 പരമ്പരക്ക് പുറപ്പെട്ടിരിക്കുന്നത് ഒരുപാട് യുവതാരങ്ങൾ അടങ്ങിയ ഇന്ത്യൻ നിരയാണ്. അതിനാൽതന്നെ ആരൊക്കെ പ്ലെയിങ് ഇലവനിൽ ഉണ്ടാകും എന്നത് സംബന്ധിച്ച് യാതൊരു വിവരവുമില്ല. എന്നാൽ ടീമിനെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ അറിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ഇഷാൻ കിഷന് ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ആവശ്യമായ അവസരങ്ങൾ ലഭിക്കുന്നില്ലെന്നും അത് അയാളെ ബാധിക്കുന്നുണ്ടെന്നുമാണ് രവിചന്ദ്രൻ അശ്വിൻ പറയുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ ഇക്കാര്യം അറിയിച്ചത്. “ന്യൂസിലാൻഡിനെതിരെ ശുഭ്മാൻ ഗിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണറാവും. എന്നാൽ ആരാവും രണ്ടാം ഓപ്പണർ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇഷാൻ കിഷനോ റിഷഭ് പന്തോ? പന്ത് രണ്ടാം ഓപ്പണർ ആവാനാണ് സാധ്യത. കാരണം പന്ത് ഒരു ഗെയിം ചേഞ്ചറാണ്. ഒപ്പം ടോപ് ഓർഡറിൽ ഇമ്പാക്ട് ഉണ്ടാക്കാനും പന്തിന് സാധിച്ചിട്ടുണ്ട്.”- അശ്വിൻ പറഞ്ഞു.
“ഇഷാൻ കിഷൻ ടീമിനോടൊപ്പം കുറച്ചധികം യാത്ര ചെയ്യുന്നുണ്ട്. എന്നാൽ പ്ലെയിങ് ഇലവനിൽ അവസരങ്ങൾ ഇഷാൻ കിഷനെ തേടിയെത്തുന്നില്ല. സ്ഥിരമായി ടീമിൽ കളിക്കാൻ കിഷന് സാധിക്കാതെ വരുന്നു. അതിനാൽ lതന്നെ ഈ പരമ്പരയിൽ കിഷന് കുറച്ചുകൂടി അവസരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.”- അശ്വിൻ പറഞ്ഞു.
ഇതോടൊപ്പം സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെപ്പറ്റിയും അശ്വിൻ സംസാരിക്കുകയുണ്ടായി. “സഞ്ജു ഒരു ഫിനിഷറായി കളിക്കുമോ? അതോ മധ്യ ഓവറുകളിൽ സ്പിന്നർമാരെ നേരിടാനും സൈഡ് ബൗണ്ടറികൾ ഉപയോഗിക്കാനും പാകത്തിന് സഞ്ജുവിനെ ഇറക്കുമോ? എന്തിന് സഞ്ജു ടീമിൽ കളിക്കുമോ എന്ന കാര്യത്തിൽ പോലും ഉറപ്പില്ല. കാരണം ഇന്ത്യയുടെ ടോപ് ഓർഡറിൽ ഉറച്ച ബാറ്ററാണ് ഗിൽ “- അശ്വിൻ കൂട്ടിച്ചേർത്തു.