ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സെമിഫൈനലിലെ പരാജയം അങ്ങേയറ്റം ഖേദകരം തന്നെയാണ്. 2021 ലോകകപ്പിൽ പാകിസ്ഥാനൊടെറ്റ ദയനീയ പരാജയമാണ് ഈ തോൽവി ഓർമിപ്പിച്ചത്. മത്സരത്തിൽ ഹർദിക് പാണ്ട്യയും വിരാട് കോഹ്ലിയുമൊഴികെ ബാക്കി ആരുംതന്നെ വേണ്ടവിധത്തിൽ മികവ് കാട്ടിയില്ല എന്നത് വസ്തുതയാണ്. ബാറ്റിംഗിൽ ഇന്ത്യൻ ഓപ്പണർമാരുടെ സമീപനം വളരെ മോശം തന്നെയായിരുന്നു. ഇന്ത്യൻ ബാറ്റിംഗ് നിര മത്സരത്തിൽ ആക്രമണോൽസുക മനോഭാവം കാട്ടാത്തതിനെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത് മുൻ ഇന്ത്യൻ താരം വീരേന്ദ്ര സേവാഗാണ്.
ഇന്ത്യയുടെ മത്സരത്തിനോടുള്ള സമീപനം തീർത്തും നിരാശാജനകമായിരുന്നു എന്നാണ് സേവാഗ് പറയുന്നത്. “ഇന്ത്യ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ തന്നെ അവരുടെ മുഖം താഴ്ന്നാണ് കാണപ്പെട്ടത്. ആരുംതന്നെ ഭയപ്പാടില്ലാതെ കളിച്ചില്ല. എന്തായാലും നമ്മൾ ഔട്ടാവും, പക്ഷേ എതിരാളികളെ ഒന്ന് ഭയപ്പെടുത്തുകയെങ്കിലും വേണ്ടേ. ഭയപ്പാടില്ലാതെയുള്ള കളി കാണാനേയില്ലായിരുന്നു. മത്സരം പരാജയപ്പെട്ടാലും നല്ല സ്പിരിറ്റിൽ തന്നെ പരാജയപ്പെടണം. പോരാടാനെങ്കിലും തയ്യാറാകണം.”- സേവാഗ് പറഞ്ഞു.
ഇതോടൊപ്പം, ബാറ്റർമാരുടെ പരാജയം തന്നെയാണ് ഇന്ത്യയെ ബാധിച്ചതെന്നും സേവാഗ് പറഞ്ഞുവയ്ക്കുന്നു. “വിക്കറ്റ് ബാറ്റിംഗിന് അനുകൂലമായിരുന്നു. എന്നാൽ നമ്മുടെ ബോളർമാർക്കായി റൺസ് കണ്ടെത്താൻ നമുക്ക് സാധിച്ചില്ല. ഒരുപക്ഷേ കുറച്ചു റൺസ് കൂടെ കണ്ടെത്തിയിരുന്നെങ്കിൽ കഥ മാറിയേനെ.”- സേവാഗ് കൂട്ടിച്ചേർക്കുന്നു.
2021ലെ പാക്കിസ്ഥാനെതിരായ മത്സരത്തിൽ കണ്ട അതേ മനോഭാവം തന്നെയാണ് ഇന്ത്യ ഇവിടെയും ആവർത്തിച്ചതെന്നും വീരൂ പറഞ്ഞു. മുഖങ്ങളും സമീപനങ്ങളും എല്ലാം ആ മത്സരത്തോട് സാമ്യം തോന്നിയതായും സേവാഗ് സൂചിപ്പിച്ചു. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഹൃദയഭേദകമായ പരാജയം തന്നെയാണ് നേരിട്ടിരിക്കുന്നത്.