ഓസ്ട്രേലിയയെ തങ്ങളുടെ നാട്ടിൽ ലോകകപ്പ് ജേതാക്കളാവാൻ വിടാതെ ഇംഗ്ലണ്ടിന്റെ പടയോട്ടം. ശ്രീലങ്കയ്ക്കെതിരായ അവസാന സൂപ്പർ പന്ത്രണ്ട് മത്സരത്തിൽ 4 വിക്കറ്റുകൾക്ക് വിജയം കണ്ട്, ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീമായി ഇംഗ്ലണ്ട് മാറി. ഇതോടെ സെമിഫൈനലിനുള്ള പോരാട്ടത്തിൽ നിന്ന് ഓസ്ട്രേലിയയും പുറത്തായിട്ടുണ്ട്.
മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ ശ്രീലങ്കയ്ക്കായി ഓപ്പൺമാർ വമ്പനടികളോടെ തുടങ്ങി. ഓപ്പണർ പാത്തും നിസ്സംഗയാണ് ശ്രീലങ്കൻ ഇന്നിങ്സിൽ നെടുംതൂണായത്. മത്സരത്തിൽ 45 പന്തുകളിൽ 67 റൺസായിരുന്നു നിസ്സംഗ നേടിയത്. എന്നാൽ മറ്റു ബാറ്റർമാർക്കൊന്നും ഇംഗ്ലണ്ട് ബോളിഗ് നിരയുടെ മുൻപിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ വന്നത് ശ്രീലങ്കയെ ബാധിച്ചു. ഒപ്പം ഡെത്ത് ഓവറുകളിൽ ഇംഗ്ലണ്ട് ബോളർമാർ മികച്ച പ്രകടനവും പുറത്തെടുത്തതോടെ ശ്രീലങ്കയ്ക്ക് ചെറിയ സ്കോറിൽ ഒതുങ്ങേണ്ടിവന്നു. നിശ്ചിത 20 ഓവറുകളിൽ 141 റൺസ് നേടാനേ ശ്രീലങ്കയ്ക്ക് സാധിച്ചുള്ളൂ.
എന്തു വിലകൊടുത്തും മത്സരത്തിൽ വിജയിക്കാനായി തന്നെയായിരുന്നു ഇംഗ്ലണ്ട് മറുപടി ബാറ്റിംഗിൽ ശ്രമിച്ചത്. ഓപ്പണർമാരായ ജോസ് ബട്ലറും (28) അലക്സ് ഹെയ്ൽസും ഇംഗ്ലണ്ടിനായി അടിച്ചുതൂക്കി. മത്സരത്തിൽ 30 പന്തുകളിൽ 47 റൺസാണ് ഹെയ്ൽസ് നേടിയത്. ഇവരുടെയും മികവിൽ ആദ്യ വിക്കറ്റിൽ 75 റൺസ് ഇംഗ്ലണ്ട് കൂട്ടിച്ചേർത്തു. ശേഷം ഇംഗ്ലണ്ടിന് വേണ്ടിയത് സംയമനപൂർവ്വമായ ബാറ്റിംഗ് മാത്രമായിരുന്നു. എന്നാൽ അവസാന സമയങ്ങളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടമായത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. പക്ഷേ ഒരുവശത്ത് ബെൻ സ്റ്റോക്സ് (44) ഉറച്ചതോടെ ഇംഗ്ലണ്ട് വിജയത്തിലേക്കെത്തി. മത്സരത്തിൽ 4 വിക്കറ്റുകൾക്കാണ് ഇംഗ്ലണ്ട് വിജയം കണ്ടത്.
നിലവിൽ ന്യൂസിലാന്റും ഇംഗ്ലണ്ടും മാത്രമാണ് ഇതുവരെ സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുള്ളത്. ഗ്രൂപ്പ് രണ്ടിൽ നിന്ന് സെമിയിലെത്തുന്ന ടീമുകളെ നാളത്തെ മത്സരശേഷമേ അറിയാൻ സാധിക്കൂ. എന്തായാലും ഇംഗ്ലണ്ടിനെ സംബന്ധിച്ച് അർഹിച്ച സ്ഥാനം തന്നെയാണ് ലഭിച്ചിരിക്കുന്നത്. ഓസ്ട്രേലിയയ്ക്ക് വലിയൊരു തിരിച്ചടിയും.