ഇന്ത്യൻ ക്രിക്കറ്റിന്റെ സുവർണ്ണകാലത്ത് മറ്റു ടീമുകളെ വിറപ്പിച്ചിരുന്ന ബാറ്റർമാർ ആയിരുന്നു വീരേന്ദ്ര സേവാഗും എംഎസ് ധോണിയുമോക്കെ. സേവാഗ് തന്റെ തുടക്കകാലം മുതൽ ആക്രമണപരമായി ബാറ്റിംഗ് തുടർന്നിരുന്നു. എന്നാൽ കരിയറിലുടനീളം മാറ്റങ്ങൾ വന്ന ബാറ്ററായിരുന്നു ധോണി. ആദ്യസമയങ്ങളിൽ ധോണി ആക്രമണപരമായി കളിച്ചിരുന്നു. എന്നാൽ ക്രമേണ പക്വതയാർ ഇന്നിങ്സുകളിലേക്ക് തിരിഞ്ഞു. ദ്രാവിഡ് നായകനായിരുന്ന സമയത്താണ് ധോണിക്ക് വമ്പനടിക്കാരൻ എന്നതിൽ നിന്ന് ഫിനിഷർ എന്നതിലേക്ക് മാറ്റം ഉണ്ടായത് എന്നാണ് വീരേന്ദ്ര സേവാഗ് പറയുന്നത്.
“ധോണിക്ക് ഫിനിഷറുടെ റോൾ നൽകിയത് ദ്രാവിഡായിരുന്നു. ഒരിക്കൽ മോശം ഷോട്ടുകളിച്ച് ഔട്ട് ആയതിന് ദ്രാവിഡ് ധോണിയോട് ദേഷ്യപ്പെടുകയുണ്ടായി. എനിക്ക് തോന്നുന്നു ആ സംഭവമാണ് ധോണിയിൽ മാറ്റങ്ങൾ കൊണ്ടുവന്നതെന്ന്. ഏകദേശം 2006- 2007 സമയത്താണ് ധോണി തന്റെ ശൈലിയിൽ മാറ്റം വരുത്തുകയും മത്സരങ്ങൾ ഫിനിഷ് ചെയ്യാനുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും ചെയ്തത്.”- സേവാഗ് പറയുന്നു.
ഒപ്പം ധോണിയുടെ കരിയറിൽ ഗാംഗുലി ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ചും സേവാഗ് പറയുകയുണ്ടായി. “2005ൽ വെടിക്കെട്ട് ബാറ്റർമാരെ വെച്ച് ഞങ്ങൾ പരീക്ഷണങ്ങൾ നടത്തിയിരുന്നു. അങ്ങനെ മൂന്നാം നമ്പരിൽ 3-4 ചാൻസുകൾ ധോണിയ്ക്കും നൽകി. അത് നടക്കുമെന്ന് ഞങ്ങൾ കരുതി. അത്തരം അവസരങ്ങൾ അങ്ങനെ എല്ലാ നായകന്മാരും നൽകാറില്ല. ആദ്യം ദാദ എനിക്കായി അദ്ദേഹത്തിന്റെ ഓപ്പണിങ് സ്ഥാനം നൽകി. ശേഷം ധോണിക്കും സ്ഥാനം നൽകി. അന്ന് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ ധോണി ഇത്ര വലിയ ക്രിക്കറ്റർ ആകുമായിരുന്നില്ല.”- സേവാഗ് കൂട്ടിച്ചേർത്തു.
ഗാംഗുലിക്കുശേഷം ധോണി നായകൻ എന്ന നിലയിൽ ഇന്ത്യൻ ടീമിന്റെ മുഴുവൻ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുകയായിരുന്നു. തന്റെ ബാറ്റിംഗ് ശൈലിയിൽ പോലും മാറ്റംവരുത്തി ധോണി ടീമിനായി നിറഞ്ഞാടുകയായിരുന്നു.