രാഹുലിനെയും റിഷഭിനെയും ഒഴിവാക്കി പകരക്കാരനായി കളിക്കാൻ ആഗ്രഹമില്ല അവരും എന്റെ രാജ്യത്തിനായാണ് കളിക്കുന്നത് : സഞ്ജു

   

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ ചർച്ചാവിഷയമാണ് ഇന്ത്യൻ സ്‌ക്വാഡിൽ സഞ്ജു സാംസണിന്റെ അഭാവം. ഇന്ത്യൻ സെലക്ടർമാർ ലോകകപ്പിനുള്ള ഇന്ത്യയുടെ സ്‌ക്വാഡിൽ നിന്നും സഞ്ജുവിനെ പൂർണമായും ഒഴിവാക്കിയിരുന്നു. ശേഷം സോഷ്യൽ മീഡിയയിലടക്കം ഇത് വളരെയേറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. പലരുടെയും അഭിപ്രായം റിഷഭ് പന്തിനോ കെ എൽ രാഹുലിനോ പകരം സഞ്ജു സാംസണെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തണമെന്നായിരുന്നു. എന്നാൽ ഇതിനൊക്കെയുള്ള മറുപടി നൽകിയിരിക്കുകയാണ് സഞ്ജു സാംസൺ ഇപ്പോൾ.

   

സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകളിൽ തന്റെ അഭിപ്രായമാണ് സഞ്ജു അറിയിച്ചിരിക്കുന്നത്. ” ഇപ്പോൾ മാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും സംസാരവിഷയമാക്കിയിരിക്കുന്നത് ഇന്ത്യൻ സ്‌ക്വാഡിൽ കെ എൽ രാഹുലിന് പകരം സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്നാണ്. ചിലർ പറയുന്നത് റിഷഭ് പന്തിന് പകരം സഞ്ജു സാംസണെ ഉൾപ്പെടുത്തണമെന്നാണ്. എന്നാൽ എന്റെ ചിന്തകൾ വളരെ വ്യക്തമാണ്. കെ എൽ രാഹുലും റിഷഭ് പന്തും കളിക്കുന്നത് എന്റെ സ്വന്തം ടീമിനായാണ്. ഞാൻ എന്റെ ടീമംഗങ്ങളുമായി ഒരു മത്സരത്തിനായി പോയാൽ അതെന്റെ രാജ്യത്തെ ദോഷമായി ബാധിക്കും. “- സഞ്ജു പറയുന്നു.

   

“ഇക്കാരണങ്ങൾകൊണ്ടൊക്കെ തന്നെയും ഞാൻ പോസിറ്റീവായി നിൽക്കാൻ തന്നെയാണ് ശ്രമിക്കുന്നത്. എനിക്കൊരു അവസരം ലഭിക്കുമ്പോൾ ഞാൻ എന്റെ ടീമിനായി പരമാവധി നന്നായി കളിക്കാൻ ശ്രമിക്കും.”- സഞ്ജു കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം ഇന്ത്യൻ ടീമിൽ ഇടം കണ്ടെത്താനുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയും സഞ്ജു പറയുകയുണ്ടായി.

   

“ഇന്ത്യ വളരെയധികം നിലവാരമുള്ള ടീമാണ്. അതിനാൽതന്നെ ടീമിൽ കളിക്കാൻ ഇടം കണ്ടെത്തുക എന്നത് പ്രയാസകരം തന്നെയാണ്. എന്നാൽ തങ്ങളുടെ അവസരത്തിനായി കാത്തിരിക്കുകയും പോസിറ്റീവായി തന്നെ ചിന്തിക്കുകയും ചെയ്യുന്നതാണ് ഉത്തമം.”- സഞ്ജു പറഞ്ഞുവയ്ക്കുന്നു. കഴിഞ്ഞ ഏഴ് വർഷത്തെ കരിയറിൽ ഇതുവരെ 16 ട്വന്റി20 മത്സരങ്ങളും 7 ഏകദിനങ്ങളും മാത്രമാണ് സഞ്ജു ഇന്ത്യക്കായി കളിച്ചത്. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും പലപ്പോഴും ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടംകണ്ടെത്താൻ സാധിക്കാതെ പോകുന്നു.

Leave a Reply

Your email address will not be published. Required fields are marked *