ഓസ്ട്രേലിയയിൽ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യയുടെ ടീം സംബന്ധിച്ചുള്ള ആശങ്കകൾ തുടരുകയാണ്. പ്രധാനമായും ഡെത്ത് ഓവർ ബോളിങ്ങിലാണ് ഇന്ത്യയ്ക്ക് ആശങ്കകൾ നിലനിൽക്കുന്നത്. അവസാന ഓവറുകളിൽ ഭുവനേശ്വർ കുമാറും ഹർഷൽ പട്ടേലുമൊക്കെ നിരന്തരം തല്ലുവാങ്ങുന്നത് ഇന്ത്യയെ ദോഷകരമായി ബാധിക്കുന്നുണ്ട്. മാത്രമല്ല ജസ്പ്രീത് ബുംറ പരിക്കിന്റെ പിടിയിൽ പെട്ടതോടെ ബോളിംഗ് വിഭാഗത്തിൽ ആകുലതകളും തുടരുന്നു. ലോകകപ്പിലേക്കായി ഇന്ത്യയുടെ സീം ബോളർ ഭൂവനേശ്വർ കുമാറിനെക്കാൾ ഉത്തമം ഓൾറൗണ്ടർ ദീപക് ചാഹറാണ് എന്ന അഭിപ്രായമാണ് മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേറിയ പറഞ്ഞിരിക്കുന്നത്.
നിലവിൽ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിലെ റിസർവ് കളിക്കാരനാണ് ദീപക് ചാഹർ. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ട്വന്റി20യിലും ചാഹർ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു. “ഒരു കാര്യം വ്യക്തമാണ്. ഓസ്ട്രേലിയൻ പിച്ചുകളിൽ ഭുവനേശ്വറിന് സ്വിങ് കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ അയാൾ ഒരുപാട് തല്ലു കൊള്ളും. അവസാന ഓവറുകളിൽ ഭുവനേശ്വർ ഒരുപാട് റൺസ് വഴങ്ങുന്നത് നമ്മൾ കണ്ടതാണ്.
അതിനാൽ എന്തുകൊണ്ടും ഭുവനേശ്വറിനെക്കാൾ നല്ല ചോയ്സ് ദീപക് ചാഹർ ആണ്. ചാഹർ അത്യാവശ്യം ബാറ്റും ചെയ്യും.” – കനേറിയ പറയുന്നു. ഇതോടൊപ്പം മുഹമ്മദ് സിറാജിനെ ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിൽ ഉൾപ്പെടുത്തിയതിനെക്കുറിച്ചും കനേറിയ വാചാലനായി. സിറാജ് നല്ല എനർജിയുള്ള കളിക്കാരനാണെന്നും ടീമിനായി അങ്ങേയറ്റം ആത്മാർത്ഥതയുള്ള കളിക്കാരനാണെന്നുമാണ് കനെറിയയുടെ പക്ഷം.
അതിനാൽ തന്നെ കിട്ടിയ അവസരം ഇരുകൈകളും നീട്ടി സിറാജ് സ്വീകരിക്കുമെന്നാണ് കനേറിയ കരുതുന്നത്. കഴിഞ്ഞ മത്സരങ്ങളിലോക്കെയും ഇന്ത്യയുടെ ഡെത്ത് ഓവർ ബോളിംഗ് വളരെ മോശമായി തന്നെയായിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ഭുവനേശ്വർ കുമാർ ഒരുപാട് റൺസ് വിട്ടു നൽകുകയുണ്ടായി. അതിനാൽ തന്നെ ബോളിൽ കൃത്യമായി മാറ്റങ്ങൾ കൊണ്ടുവരേണ്ടത് അത്യാവശ്യം തന്നെയാണ്.