ആരൊക്കെയോ ആവേണ്ടവൻ, ആരുമാകാതെ പോയവൻ അറിയാമോ ഈ ക്രിക്കറ്ററെ

   

ചില ക്രിക്കറ്റർമാരെ തങ്ങളുടെ കരിയറിൽ ഭാഗ്യം ഒരുപാട് തുണക്കാറുണ്ട്. ഭാഗ്യത്തിന് ഒപ്പം മികച്ച പ്രകടനങ്ങൾ കൂടിയാവുമ്പോൾ ഇത്തരം ക്രിക്കറ്റർമാർ ഇതിഹാസങ്ങൾ ആയിമാറുന്നു. എന്നാൽ തങ്ങളുടെ ക്രിക്കറ്റ് കരിയറിൽ ഉടനീളം നിർഭാഗ്യങ്ങൾ പിന്തുടരുന്ന ചില ക്രിക്കറ്റർമാരുണ്ട്. ആരൊക്കെയോ ആവേണ്ട കരിയർ, നിർഭാഗ്യം കൊണ്ട് നശിച്ചു പോകാറുണ്ട്. ഇത്തരം നിർഭാഗ്യവാനായ ഒരു ക്രിക്കറ്റായിരുന്നു പോൾ വൽത്താട്ടി.

   

വലിയൊരു കഥ തന്നെയായിരുന്നു വൽത്താട്ടിയുടേത്. തൊണ്ണൂറുകൾ മുതൽ ക്രിക്കറ്റ് എന്ന ആഗ്രഹത്തിനായി പോൾ വൽത്താട്ടി സഞ്ചരിച്ചു. അങ്ങനെ 2002ൽ വൽത്താട്ടി ഇന്ത്യയുടെ അണ്ടർ 19 ടീമിലെത്തി.ഇർഫാൻ പത്താനും പാർഥിവ് പട്ടേലുമടങ്ങിയ ഇന്ത്യൻ നിരയുടെ ശക്തിയായിരുന്നു വൽത്താട്ടി. എന്നാൽ ടൂർണമെന്റിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ വൽത്താട്ടിയുടെ കണ്ണിനു പരിക്കുപറ്റി. ഗുരുതരമായ പരിക്കായതിനാൽ തന്നെ ഏറെ നാൾ വൽത്താട്ടിയ്ക്ക് ക്രിക്കറ്റിൽ നിന്നും മാറി നിൽക്കേണ്ടി വന്നു.

   

പിന്നീട് നാലു വർഷങ്ങൾക്കു ശേഷം 2006ലാണ് മുംബൈയ്ക്കായി ഒരു ഏകദിനമത്സരം കളിക്കാൻ വൽത്താട്ടിയ്ക്ക് അവസരം ലഭിച്ചത്. എന്നാൽ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാതെ വന്നതോടെ വൽത്താട്ടി പുറത്തായി. പിന്നീട് ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ ടീം വൽത്താട്ടിയെ സ്വന്തമാക്കി. എന്നാൽ ആദ്യ സീസണുകളിൽ വൽത്താട്ടിയ്ക്ക് മതിയായ അവസരങ്ങൾ ലഭിച്ചില്ല. പിന്നീട് 2011 ഐപിഎല്ലിൽ പഞ്ചാബ് വൽത്താട്ടിയെ സ്വന്തമാക്കി. ശേഷം ആ സീസണിൽ കണ്ടത് ഒരു സംഹാരതാണ്ഡവം തന്നെയായിരുന്നു. ചെന്നൈക്കെതിരെ 63 പന്തുകളിൽ 120 റൺസ് നേടിയ വൽത്താട്ടി ഒരു വലിയ പ്രതീക്ഷ തന്നെയായി മാറി.

   

എന്നാൽ 2012ൽ പഞ്ചാബ് വൽത്താട്ടിയെ നിലനിർത്തിയെങ്കിലും മികച്ച പ്രകടനങ്ങൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശേഷം വലിയ പ്രതീക്ഷയായിരുന്ന അദ്ദേഹം പതിയെ ക്രിക്കറ്റിൽനിന്ന് മാഞ്ഞു തുടങ്ങി. പിന്നീട് ഒരു എയർഇന്ത്യ ജോലിക്കാരനായി വൽത്താട്ടി മാറി. ഒരാളുടെ ജീവിതത്തെ നിർഭാഗ്യത്തിന് എത്രമാത്രം ഇല്ലായ്മ ചെയ്യാം എന്നതിന് ഉത്തമ ഉദാഹരണം തന്നെയാണ് പോൾ വൽത്താട്ടി.

Leave a Reply

Your email address will not be published. Required fields are marked *