ട്വന്റി20 ലോകകപ്പിന് മുമ്പ് തന്നെ ഇന്ത്യയ്ക്ക് വളരെയേറെ തലവേദന ഉണ്ടാക്കുന്ന ഒന്നാണ് സീം ബോളിംഗ് വിഭാഗം. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിലൊക്കെയും ഇന്ത്യയുടെ സീം ബോളർമാർ പൊതുവേ തല്ലുകൊള്ളുന്നത് സ്ഥിരം കാഴ്ച തന്നെയായിരുന്നു. പ്രത്യേകിച്ച് അവസാന ഓവറുകളിലായിരുന്നു ഇന്ത്യൻ ബോളർമാർ റൺസ് വഴങ്ങിയത്. വരുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ സീം ബോളറായ ഭൂവനേശ്വർ കുമാറിന് ഉണ്ടാവാൻ പോകുന്ന വെല്ലുവിളികളെകുറിച്ചാണ് മുൻ താരം വസീം അക്രമം ഇപ്പോൾ സംസാരിക്കുന്നത്. ഭുവനേശ്വര്‍കുമാർ നല്ല ബോളറാണെങ്കിൽ തന്നെ ഓസ്ട്രേലിയൻ സാഹചര്യത്തിൽ നന്നായി റൺസ് വഴങ്ങാൻ സാധ്യത ഉണ്ടെന്നാണ് വസീം അക്രം പറയുന്നത്.
“ഇന്ത്യയ്ക്ക് ഭുവനേശ്വർ കുമാർ ഉണ്ട്. അയാൾ ന്യൂ ബോളിൽ നന്നായി ബോൾ എറിയുന്നുമുണ്ട്. എന്നാൽ ഓസ്ട്രേലിയയിൽ കളിക്കുമ്പോൾ ബോൾ നന്നായി സിംഗ് ചെയ്യാത്ത പക്ഷം ഭുവനേശ്വറിന് കാര്യങ്ങൾ ബുദ്ധിമുട്ടാവാൻ സാധ്യതയുണ്ട്. എന്നിരുന്നാലും അയാൾ നല്ല ബോളറാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അയാൾക്ക് മികച്ച യോർക്കറുകളും ഇരുവശങ്ങളിലേക്കും സ്വിങ് ചെയ്യുന്ന ബോളുകളും എറിയാൻ സാധിക്കും. പക്ഷേ ഓസ്ട്രേലിയയിൽ നമുക്ക് മികച്ച പേസും ആവശ്യമാണ്.”- വസീം അക്രം പറയുന്നു.
ഇതോടൊപ്പം ഇന്ത്യ പാകിസ്ഥാൻ ടീമുകളുടെ ഓസ്ട്രേലിയയിലെ ശക്തികളെപറ്റിയും വസീം അക്രം പറയുകയുണ്ടായി. “ഇന്ത്യക്ക് മികച്ച ഒരു ബാറ്റിംഗ് ലൈനപ്പുണ്ട്. എന്നിരുന്നാലും ബൂമ്രയുടെ പകരക്കാരൻ എന്നത് പ്രശ്നമാണ്. പാക്കിസ്ഥാനെ സംബന്ധിച്ച് അവരുടെ മധ്യനിരയാണ് പ്രശ്നം. മികച്ച ബോളിംഗ് അറ്റാക്കും മുൻനിരയും ഉണ്ടെങ്കിൽതന്നെ മധ്യനിര ടൂർണമെന്റിൽ ക്ലിക്ക് ആവേണ്ടത് അത്യാവശ്യമാണ്.”- അക്രം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം ടൂർണമെന്റിൽ ഏറ്റവുമധികം സാധ്യതകളുള്ള ഒരു ടീമായി അക്രം കാണുന്നത് ഓസ്ട്രേലിയയെയാണ്. അവരുടെ ബോളിംഗ് അറ്റാക്കും പിച്ചുകളിൽ കളിച്ചുള്ള അനുഭവസമ്പത്തും ഓസ്ട്രേലിയയെ തുണയ്ക്കും എന്ന വിശ്വാസം അക്രത്തിനുണ്ട്. എന്തായാലും ലോകകപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ അഭിപ്രായപ്രകടനങ്ങൾ പുരോഗമിക്കുകയാണ്.