അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ വിരാട് കോഹ്‌ലിയുടെ ഇന്നിംഗ്സ് ഇതിനോടകം തന്നെ വലിയ രീതിയിൽ സംസാരവിഷയമായിട്ടുണ്ട്. തന്റെ പഴയകാല ഫോമിലേക്ക് തിരിച്ചു വന്ന കോഹ്ലി അഫ്ഗാനിസ്ഥാന്റെ എല്ലാ ബോളർമാരെയും തല്ലിത്തകർക്കുന്ന കാഴ്ചയാണ് കണ്ടത്. തന്റെ എഴുപത്തിയൊന്നാം സെഞ്ച്വറി നേടിയ വിരാട് മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ തേരാളിയാവുകയും ചെയ്തു. എന്നാൽ മത്സരത്തിനുശേഷം മുൻ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്ററും ഐപി എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ടീമംഗവുമായിരുന്ന എ ബി ഡിവില്ലിയേഴ്‌സിന്റെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി.
വിരാട് കോഹ്ലിയുടെ എക്കാലത്തെയും മികച്ച സുഹൃത്താണ് ദക്ഷിണാഫ്രിക്കൻ താരം എ ബി ഡിവില്ലിയേഴ്സ്. കോഹ്ലിയുടെ ആദ്യ ട്വന്റി20 സെഞ്ച്വറിക്ക് അഭിനന്ദനമറിയിച്ചാണ് ഡിവില്ലിയേഴ്സ് ശ്രദ്ധ പിടിച്ചുപറ്റിയത്. ട്വിറ്ററിലൂടെയായിരുന്നു ഡിവില്ലിയേഴ്സ് വിരാട് കോഹ്‌ലിക്ക് ആശംസകൾ അറിയിച്ചത്. മത്സരത്തിന് മുമ്പ് വിരാട് കോഹ്‌ലിയുമായി ഫോണിൽ സംസാരിച്ചിരുന്നതായി ഡിവില്ലിയേഴ്സ് ട്വിറ്റിൽ പറയുന്നു. സംസാരിച്ച സമയത്തുതന്നെ ഇതുപോലെ വലുതെന്തോ കോഹ്ലിയിൽ നിന്നും വരാനിരിക്കുന്നതായി തനിക്ക് തോന്നി എന്നാണ് ഡിവില്ലിയേഴ്സ് കുറിച്ചത്.
“ഇന്നലെ ഞാൻ സംസാരിച്ചപ്പോൾ എനിക്കറിയാമായിരുന്നു ഇതുപോലെ വലുത് എന്തോ വരാനിരിക്കുന്നുവേന്ന്. ആശംസകൾ പ്രിയ സുഹൃത്തേ” – ഇതായിരുന്നു ട്വീറ്റ്. എന്തായാലും വിരാട് കോഹ്ലി തിരിച്ച് ഫോമിലെത്തിയതിലുള്ള ഡിവില്ലിയേഴ്സിന്റെ സന്തോഷമാണ് ഈ ട്വീറ്റിൽ നിഴലിക്കുന്നത് എന്ന് വളരെ വ്യക്തമാണ്. ബാംഗ്ലൂർ ടീമിന്റെ പ്രധാന കളിക്കാരായിരുന്നു കോഹ്‌ലിയും ഡിവില്ലിയേഴ്സും. വിരമിച്ചശേഷവും താൻ ബാംഗ്ലൂർ ടീമിനൊപ്പം തുടരുമെന്ന് ഡിവില്ലിയേഴ്സ് മുമ്പ് പറഞ്ഞിരുന്നു.
മത്സരത്തിലേക്ക് കടന്നുവരികയാണെങ്കിൽ കോഹ്ലിയുടെ ഒരു ആറാട്ടായിരുന്നു അഫ്ഗാനിസ്ഥാനെതിരെ കണ്ടത്. കഴിഞ്ഞ മൂന്നു വർഷമായി സെഞ്ച്വറി നേടാൻ ബുദ്ധിമുട്ടിയ കോഹ്ലിയുടെ താണ്ഡവം മൈതാനത്ത് കാണുകയുണ്ടായി. മികച്ച ഫ്ലോയിൽ തന്നെയാണ് 122 റൺസ് നേടിയ ഇന്നിങ്സ് കോഹ്ലി കെട്ടിപ്പടുത്തത്.