ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20യിൽ വമ്പൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ഇന്ത്യൻ ബാറ്റർ സൂര്യകുമാർ യാദവ് കാഴ്ചവച്ചത്. മത്സരത്തിൽ ഒരു കിടിലൻ അർത്ഥസെഞ്ച്വറി നേടിയ സൂര്യ ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ സൂര്യകുമാറിന് പ്രശംസയുമായി ഒരുപാട് മുൻ ക്രിക്കറ്റർമാർ എത്തുകയുണ്ടായി. ഇപ്പോൾ സൂര്യകുമാർ യാദവിനെ പ്രശംസിച്ചുകൊണ്ട് മുൻപിലേക്ക് വന്നിരിക്കുന്നത് മുൻ പാക് താരം ഡാനിഷ് കനേറിയയാണ്. താൻ കണ്ടതിൽ വയ്ച്ച് ഏറ്റവും മികച്ച ക്രിക്കറ്ററാണ് സൂര്യകുമാർ യാദവ് എന്നാണ് ഡാനിഷ് കനേറിയ പറയുന്നത്.
ഏകദിന ടി20കളിയിൽ ഒരു വലിയ ക്രിക്കറ്ററായി മാറാനുള്ള കഴിവ് സൂര്യകുമാർ യാദവിനുണ്ടെന്ന് കനേറിയ വിശ്വസിക്കുന്നു. അതോടൊപ്പം സൂര്യ വരുന്ന വർഷങ്ങളിൽ വിരാട് കോഹ്ലിയെയും ബാബർ ആസമിനെയും മറികടക്കുമെന്നും കനേറിയ പറയുന്നു. “സൂര്യകുമാർ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച ക്രിക്കറ്ററാണ്. ഇക്കാര്യം ഞാൻ കുറച്ചു നാളായി പറയുന്നുണ്ട്. 360 ഡിഗ്രിയിൽ ബാറ്റ് ചെയ്യുന്നതിനാൽതന്നെ സൂര്യ മികവുകാട്ടുന്നു. അയാൾ ബാറ്റുചെയ്യുന്ന രീതി വ്യത്യസ്തമാണ്. മൂന്നാം ട്വന്റി20യിലും മികച്ച ബാറ്റിംഗ് പ്രകടനം തന്നെയാണു കാഴ്ചവെച്ചത്.”- കനേറിയ പറയുന്നു.
“അയാളുടെ വ്യത്യസ്തമായ ബാറ്റിംഗ് രീതി കാണിക്കുന്നത് അയാൾ ഒരു വലിയ കളിക്കാരനാവും എന്ന് തന്നെയാണ്. അയാൾ ബാറ്റ് ചെയ്യുന്ന രീതി വച്ച് നോക്കുമ്പോൾ ആളുകൾ മറ്റുള്ള വമ്പൻ ക്രിക്കറ്റർമാരെ മറക്കാൻ സാധ്യതയുണ്ട്. കോഹ്ലി ഒരുപാട് റൺസ് നേടിയിട്ടുണ്ട്. ബാബർ ആസമും നല്ല ബാറ്ററാണ്. പക്ഷെ സൂര്യകുമാർ ഇവരെയെല്ലാം ഭാവിയിൽ പിന്തള്ളും.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ 25 പന്തിൽ 46 റൺസായിരുന്നു സൂര്യകുമാർ നേടിയത്. രണ്ടാം മത്സരത്തിൽ ഗോൾഡ് ഡക്കായി പുറത്തായി. എന്നാൽ മൂന്നാം മത്സരത്തിൽ 36 പന്തുകളിൽ 69 റൺസ് നേടി ഒരു വമ്പൻ തിരിച്ചുവരവ് സൂര്യകുമാർ നടത്തി. പരമ്പരയിലെ ഇന്ത്യയുടെ ഏറ്റവും റൺസ് നേടിയ ബാറ്ററും സൂര്യകുമാർ യാദവ് തന്നെയാണ്.