ഇന്ത്യൻ പ്രീമിയർ ലീഗിലെ കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ സാന്നിധ്യമാണ് RPSG ഗ്രൂപ്പ്. ഡോക്ടർ സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പ് ആദ്യം പൂനെ ഫ്രാഞ്ചൈസി സ്വന്തമാക്കിയിരുന്നു. നിലവിൽ ലക്ക്‌നൗ സൂപ്പർ ജിയന്റ്സ് ടീമിന്റെ ഉടമസ്ഥരാണ് RPSG ഗ്രൂപ്പ്. ഇപ്പോൾ ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിൽ ഡർബൻ ടീമിനെ വാങ്ങിയിരിക്കുകയാണ് RPSG. കൂടാതെ ടീമിലേക്ക് നിർണായകമായ 5 കളിക്കാരെയും ചേർത്തിട്ടുണ്ട്..
ഐപിഎല്ലിലെ തന്നെ അവരുടെ കളിക്കാരായ ദക്ഷിണാഫ്രിക്കൻ കീപ്പർ ബാറ്റർ ഡികോക്ക്, വിൻഡിസ് ഓൾറൗണ്ടറായ ജേസൺ ഹോൾഡർ എന്നിവരെയാണ് ഡർബൻ ടീമിലേക്ക് ചേർത്തിട്ടുള്ളത്. കൂടാതെ ഇംഗ്ലണ്ടിന്റെ ഇടംകൈയൻ ബൗളറായ ടോപ്ലീ, വിൻഡീസ് ഓൾറൗണ്ടർ കയ്ൽ മേയേഴ്‌സ്, ദക്ഷിണാഫ്രിക്കൻ യുവതാരം സുബ്രയൻ എന്നിവരെയും ഡർബൻ ടീമിലേക്ക് എത്തിച്ചിട്ടുണ്ട് RPSG ഗ്രൂപ്പ്.
“ഞങ്ങൾ എല്ലാ പുതിയ കളിക്കാരെയും RPSG ഡർബൻ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇത് ഒരു പുതിയ തുടക്കം ആണ്. ഒരുപാട് പ്രതീക്ഷകളുണ്ട്. ഏറ്റവും കഴിവുള്ള കളിക്കാരെയാണ് ടീമിൽ എത്തിച്ചിരിക്കുന്നത് എന്ന പൂർണമായ ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. പ്രകടനത്തിലും അത് തുടരുക തന്നെ ചെയ്യും.”- സഞ്ജീവ് ഗോയങ്ക പറഞ്ഞു.
നേരത്തെ മുംബൈ ടീം ഉടമകളുടെ MI കേപ്ടൗൺ ടീം കംഗിസോ റബാഡ, റഷീദ് ഖാൻ, ലിയാം ലിവിങ്സ്റ്റൺ, സാം കരൺ, ബ്രെവിസ് എന്നിവരെ തങ്ങളുടെ ടീമിൽ എത്തിച്ചിരുന്നു. ചെന്നൈ ടീമിന്റെ ഉടമസ്ഥതയിലുള്ള ജോബർഗിൽ ഇതുവരെ ഫാഫ് ഡുപ്ലസിയും മൊയിൻ അലിയുമാണ് ചേർന്നിട്ടുള്ളത്. 2023 ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ദക്ഷിണാഫ്രിക്കയുടെ ട്വന്റി20 ലീഗ് ആരംഭിക്കുന്നത്.