2023ലെ ഐപിഎല്ലിലേക്കുള്ള മിനി ലേലം അവസാനിച്ചിരിക്കുകയാണ്. പല വിദേശ താരങ്ങളെയും വമ്പൻ തുകയ്ക്ക് ലേലത്തിൽ ടീമുകൾ സ്വന്തമാക്കിയപ്പോൾ, ഇന്ത്യൻ കളിക്കാരുടെ വില താരതമ്യേന കുറവായിരുന്നു. ഇന്ത്യയുടെ പ്രീമിയർ ലീഗ് ആയിരുന്നിട്ടും വിരാട് കോഹ്ലിയെയും റിഷാഭ് പന്തിനെയും പോലെയുള്ള ഇന്ത്യൻ താരങ്ങളെക്കാൾ വലിയ വില വിദേശ താരങ്ങൾക്ക് ലഭിക്കുന്നതിനെപ്പറ്റി ആകാശ് ചോപ്ര സംസാരിക്കുകയുണ്ടായി.
ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങൾ തന്നെയാണ് മുൻപിലെത്തേണ്ടതെന്നും അവർക്ക് ഉയർന്ന തുക ലഭിക്കാത്തത് നിർഭാഗ്യകരമാണെന്നുമാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്. “എന്നെ വേദനിപ്പിക്കുന്ന ഒരു കാര്യമുണ്ട്. കരനെയും ക്യാമറോൺ ഗ്രീനിനെയും സ്റ്റോക്സിനെയും പോലെയുള്ള കളിക്കാർ വലിയ തുകയ്ക്ക് വിറ്റുപോയിട്ടും, ജസ്പ്രീറ്റ് ബൂമ്രയെ പോലെയുള്ളവർക്ക് ലഭിക്കുന്നത് 12 മുതൽ 14 കോടി രൂപ വരെയാണ്. പന്തിനെ പോലെയുള്ള ഇന്ത്യൻ ബാറ്റർമാർക്ക് 15 കോടിയും.
ഇത് ഇന്ത്യൻ പ്രീമിയർ ലീഗാണ്. പക്ഷേ നിർഭാഗ്യവശാൽ ഇന്ത്യൻ കളിക്കാർക്ക് വലിയ തുക ലഭിക്കുന്നില്ല.”- ചോപ്ര പറയുന്നു. “ഇന്ത്യൻ കളിക്കാരൊക്കെയും തങ്ങളുടെ ടീം വിട്ട് ലേലത്തിലേക്ക് കടന്നുവരണം. അങ്ങനെയെങ്കിലും ഫ്രാഞ്ചൈസികൾ അവർക്കായി പോരാടും. എന്നാൽ അവർ ലേലത്തിലേക്ക് വരാത്തപക്ഷം അവർക്ക് 15 കോടിയും കാമറൂൺ ഗ്രീനിനെ പോലെയുള്ളവർക്ക് 17.5 കോടിയും ലഭിക്കും. അത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
2023 ലേക്കുള്ള മിനി ലേലത്തിൽ വമ്പൻ വിലയ്ക്കായിരുന്നു വിദേശതാരങ്ങൾ വിറ്റുപോയത്. 8.25 കോടി വിലവന്ന മയങ്ക് അഗർവാളിനു വേണ്ടി മാത്രമാണ് ഇന്ത്യൻ താരം എന്ന നിലയിൽ വലിയ ലേലം വിളിവന്നത്. എന്തായാലും ഇത്തരം കാര്യങ്ങൾ പരിശോധിക്കേണ്ടത് തന്നെയാണ്.