ദക്ഷിണാഫ്രിക്കയുടെ അത്താഴം മുടക്കി നെതർലാൻഡ്സിന്റെ തേരോട്ടം!! ഇന്ത്യ സെമിയിൽ

   

അത്ഭുതകരമായ അട്ടിമറിയുമായി നെതർലാൻഡ്സ്. ശക്തരായ ദക്ഷിണാഫ്രിക്കയെ 13 റൺസിനാണ് നെതർലാൻഡ്സ് നിർണായക മത്സരത്തിൽ പരാജയപ്പെടുത്തിയത്. ഇതോടെ ദക്ഷിണാഫ്രിക്ക 2022 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനൽ കാണാതെ പുറത്തായിട്ടുണ്ട്. ഒപ്പം ഇതോടെ ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യതയും നേടി. പാക്കിസ്ഥാൻ-ബംഗ്ലാദേശ് മത്സരത്തിലെ വിജയികളാവും ഇന്ത്യക്കൊപ്പം ഗ്രൂപ്പ് രണ്ടിൽനിന്ന് സെമിയിലെത്തുന്ന മറ്റൊരു ടീം.

   

മത്സരത്തിലേക്ക് കടന്നുചെന്നാൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ചിൽ വളരെ സംയമനത്തോടെയാണ് നെതർലൻസിന്റെ ഓപ്പണർമാർ ആരംഭിച്ചത്. മൈബർഗും(37) ഓഡൗടും(29) നല്ല കൂട്ടുകെട്ട് സൃഷ്ടിച്ചു. പിന്നാലെ വന്ന ടോം കൂപ്പറും അടിച്ചുതകർത്തതോടെ നെതർലാൻഡ്സ് ഭേദപ്പെട്ട സ്കോറിലേക്ക് നീങ്ങി. 28 പന്തുകളിൽ 41 റൺസ് നേടിയ അക്കർമാനായിരുന്നു നെതർലാൻഡ്സ് നിരയിൽ ടോപ്പ് സ്കോറർ ആയത്. 19 പന്തുകളിൽ 35 റൺസുമായി ടോം കൂപ്പറും കളം നിറഞ്ഞു. മുൻനിരയുടെ ഈ മികച്ച ബാറ്റിംഗിന്റെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 158 നെതർലാൻഡ്സ് നേടിയത്.

   

മറുപടി ബാറ്റിംഗിൽ നെതർലാൻസിന്റെ കൃത്യതയോടെയുള്ള ബോളിങ്ങിന് മുമ്പിൽ ദക്ഷിണാഫ്രിക്ക പതറുന്നതാണ് കണ്ടത്. ദക്ഷിണാഫ്രിക്കയുടെ ഓപ്പണർമാർ വമ്പനടികൾക്ക് ശ്രമിക്കുന്നതിനിടെ കൂടാരം കയറി. ശേഷം കൃത്യമായി ഇടവേളകളിൽ വിക്കറ്റെടുക്കുന്ന നെതർലാൻഡ്‌സിനെയാണ് കണ്ടത്. ദക്ഷിണാഫ്രിക്കൻ നിരയിൽ റൂസോയും(25) ക്ലാസനും(21) മാത്രമാണ് അല്പം പിടിച്ചുനിന്നത്. മത്സരത്തിൽ 13 റൺസിനാണ് നെതർലാൻഡ്സ് വിജയിച്ചത്.

   

എന്തായാലും ശക്തമായി ടൂർണ്ണമെന്റ് ആരംഭിച്ച ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് അവരുടെ ലോകകപ്പിലെ നിർഭാഗ്യങ്ങൾ തുടരുകയാണ്. ആദ്യം സെമിയിലെത്തുന്ന ടീമാവും എന്ന് പലരും പ്രവചിച്ചത് ദക്ഷിണാഫ്രിക്കയെയായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചും. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് സിംബാബ്ക്കെതിരെ സമ്മർദമില്ലാതെ കളിക്കാൻ ദക്ഷിണാഫ്രിക്കയുടെ ഈ പരാജയം വഴി വച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *