ലോകകപ്പിൽ ഇന്ത്യയ്ക്കേറ്റ ആദ്യ തിരിച്ചടി ജസ്പ്രിറ്റ് ബുമ്രയുടെ പരിക്കായിരുന്നു. മുൻപ് പരുക്കുമൂലം ഏഷ്യാകപ്പിൽ നിന്ന് വിട്ടുനിന്ന ബൂമ്ര ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലൂടെയാണ് ടീമിൽ തിരിച്ചെത്തിയത്. എന്നാൽ വീണ്ടും ബൂമ്രയെ പരിക്കുപിടികൂടുകയും ലോകകപ്പിൽ നിന്നും മാറ്റി നിർത്തേണ്ടി വരികയും ചെയ്തു. എന്നാൽ പരിക്കുപറ്റിയ ബൂമ്രയെ ലോകകപ്പിൽ ഉൾപ്പെടുത്താൻ ശ്രമിക്കാതിരുന്നതാണ് ഇന്ത്യയെടുത്ത ഏറ്റവും മികച്ച തീരുമാനം എന്നാണ് മുൻ പാക് ക്രിക്കറ്റർ ഡാനിഷ് കനേറിയ പറയുന്നത്.
തന്റെ യൂട്യൂബ് ചാനലിലൂടെയാണ് കനേറിയ ഇക്കാര്യം പറഞ്ഞത്. ” ബുമ്രയെ ഇന്ത്യ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഉൾപ്പെടുത്തുകയുണ്ടായി. എന്നാൽ അയാൾക്ക് വീണ്ടും പരിക്കുപറ്റി. ലോകകപ്പിൽ ബുമ്രയുടെ അഭാവം ബാധിക്കും എന്ന് ഉറപ്പായിരുന്നിട്ടും ഇന്ത്യ ബുമ്രയെ ലോകകപ്പിൽ നിന്ന് മാറ്റി നിർത്തി. ബുമ്രയുടെ ക്രിക്കറ്റ് കരിയർ അപകടത്തിലാകാതിരിക്കാൻ ഈ തീരുമാനം സഹായകരമായി. ഈ തീരുമാനത്തിലൂടെ ബൂമ്രയ്ക്ക് ദീർഘകാലത്തേക്ക് ഇന്ത്യക്കായി കളിക്കാൻ സാധിക്കുമെന്ന് ഉറപ്പുവരുത്തുകയാണുണ്ടായത്. “- കനേറിയ പറയുന്നു.
ഇതേസമയം ഷാഹിൻ അഫ്രിദിയുടെ പരിക്കിന്റെ കാര്യത്തിൽ പാകിസ്താന്റെ തീരുമാനം തെറ്റായിരുന്നുവെന്നും കനേറിയ പറയുന്നു. “മറുവശത്ത് പാകിസ്ഥാൻ പരിക്കേറ്റ അഫ്രിദിയെ നെതർലാൻസിലേക്ക് അയച്ചു. ശേഷം യുഎയിലേക്കും ലണ്ടനിലേക്കും. മാത്രമല്ല ബോർഡും ബാബറും പരിക്കിന്റെ സാഹചര്യത്തിലും അഫ്രീദിയെ ട്വന്റി20 ലോകകപ്പ് കളിപ്പിച്ചു.”- കനേറിയ കൂട്ടിച്ചേർക്കുന്നു.
“ഒരിക്കലും ഇത്തരം അനീതിപരമായ തീരുമാനങ്ങൾ ഒരു ടീമും എടുക്കാൻ പാടില്ല. അഫ്രീദിയോട് ചെയ്ത ക്രൂരതയാണിത്. ഇനി അഫ്രീദി പരീക്കിൽ നിന്ന് തിരിച്ചെത്താൻ മൂന്നുനാലു മാസം എടുക്കും.”- കനേറിയ പറഞ്ഞുവയ്ക്കുന്നു.