2022 ഇന്ത്യയുടെ പല മുൻനിര ബാറ്റർമാർക്കും ഏറ്റക്കുറിച്ചിലുകളുടെ വർഷമായിരുന്നു. 2022ൽ സൂര്യകുമാർ യാദവ് തന്റെ പ്രഹരശേഷി പ്രകടിപ്പിച്ചപ്പോൾ, വിരാട് കോഹ്ലിയും രോഹിത് ശർമയുമടക്കമുള്ള ക്രിക്കറ്റർമാർ ഒരുപാട് താഴേക്ക് പോവുകയും ചെയ്തു. ഇതിൽ എടുത്തുപറയേണ്ടത് കോഹ്ലിയുടെ പ്രകടനമാണ്. 2022ന്റെ ആദ്യപകുതിയിൽ വളരെ മോശം പ്രകടനം തന്നെയായിരുന്നു വിരാട് കോഹ്ലി കാഴ്ചവെച്ചത്. എന്നാൽ പിന്നീട് ഒരു വമ്പൻ തിരിച്ചുവരവിലൂടെ കോഹ്ലി ഇത് മറികടക്കുകയാണ് ചെയ്തത്. ഇതിനെപ്പറ്റിയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.
“2022ൽ കോഹ്ലി ഇത്രമാത്രം താഴേക്ക് പോകുമെന്ന് ആരും തന്നെ കരുതിയിരുന്നില്ല. എന്നാൽ ഫോം കണ്ടെത്താനായി അയാൾ ഒരുപാട് പൊരുതി. ഐപിഎല്ലിൽ പോലും കോഹ്ലിയുടെ പ്രകടനങ്ങൾ വളരെ മോശമായിരുന്നു. ആദ്യസമയത്ത് എല്ലാം കോഹിലിക്ക് പിഴവുകളായി മാറി. എന്നിരുന്നാലും പിന്നീട് കാര്യങ്ങൾ മാറ്റിമറിക്കുന്നതിൽ വിരാട് കോഹ്ലി വിജയിച്ചു. ട്വന്റി20 ലോകകപ്പിന്റെ സമയത്ത് കോഹ്ലി അവിസ്മരണീയമായിരുന്നു. പാക്കിസ്ഥാനെതിരെയും ഇംഗ്ലണ്ടിനെതിരെയും വെല്ലുവിളിയുയർത്തിയ പിച്ചിൽ പോലും കോഹ്ലി മികച്ച രീതിയിൽ റൺസ് കണ്ടെത്തി.”- ചോപ്ര പറയുന്നു.
ഇതോടൊപ്പം 2022ലെ മികച്ച ട്വന്റി20 ബാറ്റർ സൂര്യകുമാർ യാദവാണെന്നും ആകാശ് ചോപ്ര പറയുകയുണ്ടായി. “ഈ വർഷം സൂര്യകുമാറിന് അവകാശപ്പെട്ടതാണ്. ഇന്ത്യൻ ടീമിന് അത്ര നല്ല വർഷമായിരുന്നില്ല. ലോകകപ്പിലും ഏഷ്യാകപ്പിലും പരാജയപ്പെട്ടു. എന്നിരുന്നാലും സൂര്യ ഇന്ത്യക്കായി തിളങ്ങി.”- ചോപ്ര കൂട്ടിച്ചേർക്കുന്നു.
“സൂര്യ വളരെ മികച്ച രീതിയിൽ തന്നെ കളിച്ചു. എന്നെ സംബന്ധിച്ച് അയാൾ തന്നെയാണ് 2022ലെ മികച്ച ട്വന്റി20 ബാറ്റർ. അവിശ്വസനീയ റെക്കോർഡാണ് സൂര്യകുമാർ യാദവിന് ഉള്ളത്. 2023ലും സൂര്യ ഇത് ആവർത്തിക്കും എന്നാണ് പ്രതീക്ഷ.”- ചോപ്ര പറഞ്ഞുവയ്ക്കുന്നു.