സഞ്ജുവിനെ ക്യാപ്റ്റനാക്കി ത്രാസ് തുല്യമാക്കാനുള്ള ശ്രമമാണോ ബിസിസിഐ ഇന്ത്യ എ സ്‌ക്വാഡ് നോക്ക്

   

കഴിഞ്ഞ സമയത്ത് ഏറ്റവുമധികം പ്രതിഷേധങ്ങൾ ഉയർന്ന സംഭവമായിരുന്നു ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ സഞ്ജു സാംസനെ ഉൾപ്പെടുത്താത്തിരുന്നത്. ഒരു കാരണവുമില്ലാതെ സഞ്ജുവിനെ പൂർണമായും സ്ക്വാഡിൽ നിന്ന് ഒഴിവാക്കുകയാണ് ഉണ്ടായത്. എന്നാൽ ഇതിനുള്ള ചെറിയ പരിഹാരം ചെയ്തിരിക്കുകയാണ് ബിസിസിഐ ഇപ്പോൾ. ഇന്ത്യ എ ടീമും ന്യൂസിലാൻഡ് എ ടീമും തമ്മിൽ നടക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളുള്ള പരമ്പരയിൽ സഞ്ജു സാംസൺ കളിക്കും. ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായാണ് മത്സരത്തിൽ സഞ്ജു കളിക്കുക.

   

സഞ്ജുവിനുപുറമേ അന്താരാഷ്ട്ര മത്സരങ്ങളിൽ പരിചയസമ്പന്നനായ പല ക്രിക്കറ്റർമാരും ഇന്ത്യയുടെ എ ടീം സ്ക്വാഡിൽ അണിനിരക്കുന്നുണ്ട്. കുൽദീപ് യാദവ്, പൃഥ്വി ഷാ, ശർദുൽ താക്കൂർ തുടങ്ങിയവരും നിരയിലെ പ്രധാനികളാണ്. കൂടാതെ ഇന്ത്യയുടെ അണ്ടർ 19 സൂപ്പർതാരമായ രാജ്ബാബയും സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയുടെ കഴിഞ്ഞ സിംബാബ്‌വെ പര്യടനത്തിലായിരുന്നു സഞ്ജു സാംസൺ അവസാനമായി കളിച്ചത്. സിംബാബ്വെക്കെതിരായ പരമ്പര കളിച്ചവരിൽ 5 താരങ്ങളാണ് ഇന്ത്യ എ ടീമിനായി അണിനിരക്കുന്നത്. ഋതുരാജ് ഗൈക്കുവാഡ്, ഷഹബാസ് അഹമ്മദ്, രാഹുൽ ത്രിപാതി എന്നിവരാണ് മറ്റു കളിക്കാർ.

   

ഇവരോടൊപ്പം ന്യൂസിലാൻഡ് എ ടീമിനെതിരെ ടെസ്റ്റ് മത്സരങ്ങളിൽ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച രജത് പട്ടിദാർ, മുംബൈ ഇന്ത്യൻസ് കളിക്കാരൻ തിലക് വർമ, സ്പിന്നർ രാഹുൽ ചാഹർ, പേസർ ഉമ്രാൻ മാലിക്ക് തുടങ്ങിയവരും ഇന്ത്യ എ ടീമിൽ അണിനിരക്കും. ഇത്രയും താരങ്ങൾ അണിനിരക്കുന്നതിനാൽ മത്സരത്തിന് ആവേശമേറും എന്നതുറപ്പാണ്.

   

സെപ്റ്റംബർ 22, 25, 27 തീയതികളിലാണ് മൂന്ന് ഏകദിനങ്ങളും നടക്കുന്നത്. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയമാണ് മത്സരങ്ങൾക്ക് വേദിയാവുക. ഇന്ത്യ എ ടീമിൽ കളിക്കുന്ന പല താരങ്ങൾക്കും തങ്ങളുടെ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത് ദേശീയ ടീമിൽ എത്താനുള്ള അവസരം കൂടിയാണ് ഇതുവഴി ഒരുങ്ങുന്നത്. സഞ്ജുവാടക്കമുള്ള കളിക്കാർക്ക് ഈ പരമ്പര ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *