ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ മികച്ച ബോളിംഗ് പ്രകടനം തന്നെയായിരുന്നു പേസർ അർഷദീപ് സിംഗ് കാഴ്ചവച്ചത്. ഇന്ത്യക്കായി നിർണായകമായ ഓവറുകൾ മത്സരത്തിലെറിഞ്ഞ അർഷദീപ് ഇന്ത്യയുടെ വിജയത്തിൽ വലിയൊരു പങ്കുവഹിച്ചു. മുഹമ്മദ് ഷാമിക്കും അർഷദീപിനും ഓവറുകൾ ഉണ്ടായിരുന്നിട്ടും മത്സരത്തിലെ അവസാന ഓവർ അർഷദീപിനെയാണ് രോഹിത് ശർമ ഏൽപ്പിച്ചത്. ഈ തീരുമാനം ആരാധകർക്കിടയിൽ പോലും ഞെട്ടൽ ഉണ്ടാക്കിയിരുന്നു. ഷാമിക്ക് പകരം അവസാന ഓവററിയാൻ അർഷദീപിനെ തിരഞ്ഞെടുത്ത തീരുമാനത്തെപ്പറ്റി മത്സരശേഷം രോഹിത് സംസാരിക്കുകയുണ്ടായി.
“ജസ്‌പ്രിറ്റ് ബൂറ ടീമിൽ ഇല്ലാത്തപക്ഷം അവസാന ഓവറെറിയാനുള്ള ഉത്തരവാദിത്വം ഏതെങ്കിലും ബോളർ ഏറ്റെടുത്തേ മതിയാവൂ. അർഷദീപിനെപ്പോലെ പ്രായം കുറഞ്ഞ ഒരാൾക്ക് ഉത്തരവാദിത്വത്തോടെ അക്കാര്യം ചെയ്യാൻ അത്ര എളുപ്പമല്ല. പക്ഷേ ഞങ്ങൾ അതിനായി അയാളെ നേരത്തെ തന്നെ തയ്യാറാക്കിയിരുന്നു.”- രോഹിത് പറഞ്ഞു.
ഇതോടൊപ്പം അർഷദീപ് കഴിഞ്ഞ മത്സരങ്ങളിൽ ഇന്ത്യക്കായി നല്ല രീതിയിൽ ഡെത്ത് ഓവർ ബോളറുടെ കർമ്മം നിർവഹിക്കുന്നുണ്ടെന്നും രോഹിത് പറയുന്നു. “കഴിഞ്ഞ നാലു മാസങ്ങളായി അർഷദീപ് ഡെത്ത് ഓവർ എറിയുന്നുണ്ട്. ഷാമി വേണോ അർഷദീപ് വേണോ അവസാന ഓവർ എറിയാൻ എന്നത് ഒരു ചോദ്യം തന്നെയായിരുന്നു. എന്നാൽ ഞങ്ങൾ അർഷദീപിനെ തിരഞ്ഞെടുത്തു. കാരണം അയാൾ മുൻപും ഇത് കൃത്യമായി നിർവഹിച്ചിട്ടുണ്ട്.”-രോഹിത് കൂട്ടിച്ചേർക്കുന്നു.
ഇന്ത്യയ്ക്കായി ഇതുവരെ 17 ട്വന്റി20 മത്സരങ്ങൾ അർഷദീപ് സിംഗ് കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി 28 വിക്കറ്റുകളാണ് അർഷദീപ് വീഴ്ത്തിയിട്ടുള്ളത്. 18.14 ആണ് അർഷദീപിന്റെ ബോളിംഗ് ശരാശരി. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ആശ്വാസകരമായ പ്രകടനം തന്നെയാണ് കാഴ്ച വെക്കുന്നത്