എത്ര ദുരിതത്തിലും കഷ്ടപ്പാടിലും കഠിനപ്രയത്നങ്ങൾ നമ്മെ രക്ഷിക്കും എന്നത് വളരെയേറെ സത്യമാണ്. അത്തരമൊരു കഥയാണ് ഇന്ത്യയുടെ ഇടംകയ്യൻ പേസർ നടരാജന്റേത്. ദാരിദ്ര്യത്തിലൂടെ വളർന്ന് തന്റെ സ്വപ്നങ്ങൾ നേടിയെടുത്ത ഒരു പ്രതിഭയാണ് നടരാജൻ. തമിഴ്നാട്ടിലെ ഒരു കൂലിത്തൊഴിലാളിയായിരുന്നു നടരാജന്റെ അച്ഛൻ. അമ്മ റോഡ് സൈഡിൽ ഒരു തട്ടുകട നടത്തുന്നു. ഇവരെ കൂടാതെ നാല് സഹോദരങ്ങളും നടരാജന് ഉണ്ടായിരുന്നു. എന്നാൽ ഇവർക്കൊന്നും പഠിച്ചു വളരാൻ ആവശ്യമായ പെൻസിലുകളോ നോട്ടുബുക്കുകളോ നടരാജന്റെ വീട്ടിൽ ഉണ്ടായിരുന്നില്ല. അത്രമാത്രം ദാരിദ്രമാണ് അയാൾ അനുഭവിച്ചത്.
ശേഷം അച്ഛന്റെയും അമ്മയുടെയും കഷ്ടതകൾ കണ്ടുവളർന്ന നടരാജൻ വ്യത്യസ്തമായ ചെറിയ ജോലികൾ കണ്ടെത്തി. പത്രങ്ങളും പാലും വിതരണം ചെയ്ത് കുടുംബത്തിനായി ചെറിയ വരുമാനമുണ്ടാക്കാൻ നടരാജൻ ഇറങ്ങി. ക്രിക്കറ്റ് ചെറുപ്പത്തിലെ കളിച്ചിരുന്നുവെങ്കിലും തന്റെ കരിയറിന്റെ വളർച്ചയിൽ നടരാജൻ സംശയം പ്രകടിപ്പിച്ചിരുന്നു. നടരാജൻ ലോക്കൽ ടെന്നീസ് ബോൾ ക്രിക്കറ്റുകൾ നിരന്തരം കളിക്കുകയും അതിൽ നിന്ന് ലഭിക്കുന്ന പണം കുടുംബത്തിനായി ചെലവഴിക്കുകയും ചെയ്തു.
ഇതിനുശേഷം നടരാജൻ ശ്രദ്ധയാകർഷിച്ചു തുടങ്ങി. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന് കീഴിലുള്ള ഒരു വലിയ ടീമിൽ കളിക്കാൻ നടരാജന് അവസരം ലഭിക്കുകയായിരുന്നു. അവിടുത്തെ മികച്ച പ്രകടനം നടരാജനെ രഞ്ജി ട്രോഫിയിൽ എത്തിച്ചു. തമിഴ്നാടിനായി നടരാജൻ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ 2014ൽ നടരാജന്റെ ബോളിംഗ് ആക്ഷൻ നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ഒരു വർഷത്തേക്ക് ക്രിക്കറ്റിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തു.
ശേഷം പരിശീലനങ്ങൾക്കൊടുവിൽ പുതിയ ബോളിംഗ് ആക്ഷനുമായി 2016ൽ നടരാജൻ തിരിച്ചു തമിഴ്നാട് പ്രീമിയർ ലീഗിലേക്ക് എത്തി. അവിടെ നിറഞ്ഞാടിയ നടരാജനെ ഐപിഎൽ ടീമുകൾ സ്വന്തമാക്കാൻ തുടങ്ങി. അങ്ങനെ നടരാജൻ ഇന്ത്യൻ ടീമിലെത്തി. ഇന്ത്യയിലെ പല യുവ ക്രിക്കറ്റർമാർക്കും ആവേശം തന്നെയാണ് നടരാജൻ ഇപ്പോൾ. തന്റെ കഠിനപ്രയത്നത്തിലൂടെ വളർന്നുവന്ന ഒരു വലിയ കളിക്കാരൻ.