നിലവിലെ ഇന്ത്യയുടെ ബോളിങ് പ്രകടനങ്ങൾ വളരെയധികം നിരാശാജനകമാണ്. ഏഷ്യാകപ്പിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടു ട്വന്റി20കളിലും ഇന്ത്യയുടെ ഡെത്ത് ഓവർ ബോളർമാർ പൊതിരെ തല്ലുകൊണ്ടു. വളരെ പ്രതീക്ഷയോടെ ഇന്ത്യൻ ടീമിലെത്തിയ അർഷദീപ് സിങ്ങും ഹർഷൽ പട്ടേലുമാണ് സ്ഥിരം തല്ലുകൊണ്ടത്. ഒപ്പം ഭുവനേശ്വർ കുമാറിന്റെ അവസാന ഓവറുകളിലെ പ്രകടനങ്ങളും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നതാണ്. നിലവിൽ ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഈ രണ്ട് ബോളർമാർക്ക് ലോകകപ്പിൽ കാര്യങ്ങൾ പ്രയാസമാകും എന്ന അഭിപ്രായമാണ് മുൻ ഇന്ത്യൻ ബാറ്റർ ആകാശ് ചോപ്രയ്ക്ക് ഉള്ളത്.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം മത്സരത്തിൽ ഹർഷൽ പട്ടേലും അർഷദീപ് സിംഗും പൊതിരെ തല്ലുവാങ്ങിയതിലുള്ള നിരാശയാണ് ആകാശ് ചോപ്ര അറിയിക്കുന്നത്. മത്സരത്തിൽ ഇന്നിംഗ്സിന്റെ തുടക്കസമയത്ത് മികച്ച രീതിയിൽ തന്നെയായിരുന്നു അർഷദീപ് സിംഗ് ബോൾ ചെയ്തത്. ആദ്യ ഓവറിൽ രണ്ട് വിക്കറ്റുകളും അർഷദീപ് വീഴ്ത്തി. എന്നാൽ അടുത്ത മൂന്ന് ഓവറുകളിൽ തല്ലുവാങ്ങി. “നാല് ഓവറുകളിൽ അർഷദീപ് വഴങ്ങിയത് 62 റൺസാണ്.
പവർപ്ലെയിൽ രണ്ട് ഓവറുകൾ എറിയുകയും രണ്ടു വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ശേഷമാണ് അർഷദീപ് ഇത്രയധികം തല്ലുകൊണ്ടത് “- ആകാശ് ചോപ്ര പറയുന്നു. “അർഷദീപ് മാത്രമല്ല, ഹർഷൽ പട്ടേലും ഒരുപാട് റൺസ് വഴങ്ങുകയുണ്ടായി. രണ്ട് ബൗളർമാരും കൂടി 8 ഓവറുകളിൽ 107 റൺസാണ് രണ്ടാം മത്സരത്തിൽ വഴങ്ങിയത്. ഈ ബോളർമാരാണ് ഇന്ത്യയ്ക്കായി ലോകകപ്പിൽ കളിക്കാനായി പോകുന്നതും. ഇത് നിരാശയുണ്ടാക്കുന്നു.” ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം രവിചന്ദ്രൻ അശ്വിനിൽ നിന്ന് വിക്കറ്റുകൾ ലഭിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ആകാശ് ചോപ്ര പറയുകയുണ്ടായി. രണ്ടാം മത്സരത്തിൽ മില്ലറും ഡികൊക്കും ക്രീസിൽ ഉണ്ടായിരുന്നപ്പോൾ ആ കൂട്ടുകെട്ട് തകർക്കാൻ അശ്വിന് സാധിക്കേണ്ടിയിരുന്നു എന്ന് ചോപ്ര പറയുന്നു. ഇക്കാര്യവും ഇന്ത്യയ്ക്ക് ലോകകപ്പിൽ പ്രാധാന്യമുള്ളതാവും എന്നാണ് ചോപ്രയുടെ അഭിപ്രായം.