ആദ്യ ട്വന്റി20യിൽ ഇന്ത്യൻ സീം ബോളർമാരുടെ ഒരു തേരോട്ടം തന്നെയായിരുന്നു കണ്ടത്. ഇന്ത്യയുടെ ഓപണിങ് സിം ബൗളർമാരായ ദീപക് ചാഹറും അർഷദീപ് സിങ്ങും ചേർന്ന് ദക്ഷിണാഫ്രിക്കയെ പൂർണമായും ചുരുട്ടിക്കെട്ടി. എന്നാൽ മറുവശത്ത് ഇന്ത്യയുടെ സ്പിന്നർമാർക്ക് വലുതായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. യുസ്വെന്ദ്ര ചഹലിന് പകരം രവിചന്ദ്രൻ അശ്വിനെയായിരുന്നു മത്സരത്തിൽ ഇന്ത്യ കളിപ്പിച്ചിരുന്നത്. അശ്വിൻ 4 ഓവറുകളിൽ 8 റൺസ് മാത്രമേ വിട്ടുകൊടുത്തുള്ളുവെങ്കിലും വിക്കറ്റ് നേടുന്നതിൽ പരാജയപ്പെട്ടു. പ്രതിരോധപരമായ ബോളിങ്ങിന് പകരം അശ്വിൻ വിക്കറ്റുകൾ നേടാൻ കുറച്ചുകൂടി ശ്രമിക്കണമെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
അശ്വിന്റെ ബോളിംഗ് ഫിഗറിനെ പ്രശംസിച്ചുകൊണ്ട് തന്നെ അയാൾ വരുത്തേണ്ട മാറ്റങ്ങളെ പറ്റി ആകാശ് ചോപ്ര പറയുന്നു. “മത്സരത്തിൽ നിശ്ചിത നാല് ഓവറുകളിൽ 8 റൺസ് മാത്രമാണ് അശ്വിൻ വിട്ടുനൽകിയത്. അങ്ങനെ നോക്കുമ്പോൾ മികച്ച ഒരു സ്പെൽ തന്നെയാണ് അശ്വിൻ എറിഞ്ഞത്. എന്നാൽ എന്റെ അഭിപ്രായത്തിൽ സ്പിൻ ബോളർമാർ വിക്കറ്റുകൾ നേടാൻ കൂടുതലായി ശ്രമിക്കണമായിരുന്നു.
കാരണം അങ്ങനെയൊരു സാഹചര്യമായിരുന്നു ഒന്നാം ട്വന്റി20യിൽ ഉണ്ടായിരുന്നത്.”- ആകാശ് ചോപ്ര പറയുന്നു “മറുവശത്ത് വിക്കറ്റുകൾ വീഴുമ്പോൾ പ്രതിരോധാത്മകമായി ബോളിംഗ് നല്ല കാര്യം തന്നെയാണ്. അതിനാൽതന്നെ ഈ മത്സരത്തിൽ അശ്വിൻ നന്നായി ബോൾ ചെയ്തു എന്നുതന്നെ പറയാനാവും.” ചോപ്ര കൂട്ടിച്ചേർക്കുന്നു. പ്രധാനമായും ദക്ഷിണാഫ്രിക്കൻ നിരയിൽ ഒരുപാട് ഇടങ്കയ്യൻ ബാറ്റർമാർ ഉള്ളതിനാലായിരുന്നു ഇന്ത്യ അശ്വിനെ കളിപ്പിച്ചത്.
എന്നാൽ അശ്വിന് മുമ്പുതന്നെ ദക്ഷിണാഫ്രിക്കയുടെ ഭൂരിഭാഗം ഇടങ്കയ്യൻമാരും കൂടാരം കയറി. ട്വന്റി20 ടീമിലേക്ക് തിരിച്ചെത്തിയതിനു ശേഷം ഭേദപ്പെട്ട പ്രകടനങ്ങൾ തന്നെയാണ് രവിചന്ദ്രൻ അശ്വിൻ കാഴ്ചവയ്ക്കുന്നത്. ഇതുവരെ കളിച്ച ആറു മത്സരങ്ങളിൽ നിന്ന് അഞ്ച് വിക്കറ്റുകളാണ് അശ്വിൻ നേടിയിട്ടുള്ളത്. 6.13 ആണ് അശ്വിന്റെ എക്കണോമി.