ഇന്ത്യയുടെ ശ്രീലങ്കക്കെതിരായ രണ്ടാം ട്വന്റി20യിൽ കണ്ടത് ഇന്ത്യൻ മുൻനിരയുടെ തകർച്ച തന്നെയായിരുന്നു. 206 എന്ന വമ്പൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ ഇഷാന് കിഷനെയും ശുഭമാൻ ഗില്ലിനെയും തുടക്കത്തിൽ തന്നെ നഷ്ടമായിരുന്നു. ഇതിൽ ഗില്ലിന്റെ പുറത്താകൽ ഇന്ത്യയെ ആശങ്കയിലാക്കി. ആദ്യ ട്വന്റി20യിൽ 7 റൺസ് മാത്രം നേടിയ ഗിൽ, രണ്ടാം ട്വന്റി20യിൽ 5 റൺസിന് പുറത്തായി. ഗിൽ പുറത്തായ രീതിയും അത്ര മികച്ചതായിരുന്നില്ല. ഇതിനെപ്പറ്റി ഇന്ത്യൻ താരം അജയ് ജഡേജ സംസാരിക്കുകയുണ്ടായി.
ഈ രീതിയിൽ ഗിൽ ഗിൽ കളിക്കുകയാണെങ്കിൽ അയാൾ ഇന്ത്യയുടെ ട്വന്റി20 ടീമിൽ സ്ഥാനം അർഹിക്കുന്നില്ല എന്നാണ് അജയ് ജഡേജ പറഞ്ഞത്. “ഇന്ത്യയുടെ നിലവിലെ നിരയിൽ നിന്ന് ആരെയെങ്കിലും മാറ്റണമെങ്കിൽ അത് ശുഭമാൻ ഗില്ലിനെയാവും. കഴിഞ്ഞ രണ്ട് ഇന്നിംഗ്സുകളിൽ അയാൾ പുറത്തായ രീതി വളരെ മോശമായിരുന്നു. ഗില്ലിൽ നിന്നും ഇങ്ങനെയൊരു പുറത്താകൽ നമ്മൾ പ്രതീക്ഷിച്ചില്ല. ഇന്ത്യ ശ്രമിക്കുന്നത് ആക്രമണപരമായ രീതിയിൽ കളിക്കാനാണെങ്കിൽ ഗിലിന് മറ്റൊരു പകരക്കാരനെ കണ്ടെത്തണം.”- അജയ് ജഡേജ പറയുന്നു.
വലിയൊരു അവസരം തന്നെയാണ് ഗിൽ നഷ്ടപ്പെടുത്തിയത് എന്നായിരുന്നു ഇന്ത്യൻ ബാറ്റർ ദിനേശ് കാർത്തിക് പറഞ്ഞത്. “നമുക്ക് ഒരുപാട് കഴിവുകൾ ഉണ്ടെങ്കിൽ ഇത് സംഭവിക്കും. നമ്മൾ ലോകത്തിനു മുൻപിൽ നമ്മുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ശ്രമിക്കുകയും, ചില സമയങ്ങളിൽ ഇങ്ങനെ പുറത്താവുകയും ചെയ്യും.”- ദിനേശ് കാർത്തിക് പറഞ്ഞു.
” ഗിൽ ഒരു പ്രത്യേകതയുള്ള ക്രിക്കറ്ററാണ്. മാത്രമല്ല സ്പെഷ്യൽ പ്രകടനങ്ങൾ പുറത്തെടുക്കാനുള്ള കഴിവും അയാൾക്കുണ്ട്. അതിനാൽതന്നെ ഋതുരാജും മറ്റുള്ളവരും പുറത്ത് അവസരത്തിനായി കാത്തുനിൽക്കുമ്പോൾ തനിക്ക് ലഭിക്കുന്ന അവസരങ്ങൾ നല്ല രീതിയിൽ ഉപയോഗിച്ചേ പറ്റൂ. “- ദിനേശ് കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.