ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ഈ വർഷം ജൂണിലാണ് നടക്കുന്നത്. നിലവിൽ ഓസ്ട്രേലിയ മാത്രമാണ് ഫൈനലിൽ കൃത്യമായി സ്ഥാനം ഉറപ്പിച്ചിട്ടുള്ള ടീം. ഇന്ത്യയാണ് പോയിന്റ്സ് ടെബിളിൽ രണ്ടാമതുള്ളത്. എന്നിരുന്നാലും ഓസ്ട്രേലിയയ്ക്കെതിരായി ഫെബ്രുവരിയിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ മൂന്നു മത്സരങ്ങൾ വിജയിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് ഫൈനലിൽ എത്താൻ സാധിക്കൂ. ഇന്ത്യയിലാണ് ടെസ്റ്റ് മത്സരങ്ങൾ നടക്കുക എന്നത് മാത്രമാണ് ഇന്ത്യക്കുള്ള ഏക ആശ്വാസം. എന്നിരുന്നാലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുക എന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസകരമായ കാര്യമാണെന്നാണ് ഇന്ത്യൻ ബാറ്റർ ദിനേശ് കാർത്തിക് പറയുന്നത്.
നിലവിൽ ചാമ്പ്യൻഷിപ്പ് ടേബിളിന്റെ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 58.93 വിജയശതമാനമാണ് ഉള്ളത്. “ഇന്ത്യയെ സംബന്ധിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തുക എന്നത് പ്രയാസമേറിയ കാര്യമാവും. ഇന്ത്യയെ സംബന്ധിച്ച് അതൊരു ബാലികേറാ മല തന്നെയാവും എന്ന് ഞാൻ കരുതുന്നു. 4 ടെസ്റ്റുകളിൽ മൂന്നിലും വിജയിക്കുക എന്ന് പറഞ്ഞാൽ അതത്ര അനായാസമല്ല.”- കാർത്തിക്ക് പറയുന്നു.
“അല്ലാത്തപക്ഷം നമ്മൾ നമ്മളുടെ ശക്തിയിൽ ഉറച്ചു നിൽക്കണം. സ്പിന്നിനെതിരെയുള്ള ഓസ്ട്രേലിയയുടെ വീക്നെസ് നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കണം. എന്നാൽ ബംഗ്ലാദേശിനെതിരെ നമ്മുടെ ബാറ്റർമാരും സമീപകാലത്ത് സ്പിന്നിനെതിരെ മികച്ച പ്രകടനമല്ല കാഴ്ച വെച്ചിട്ടുള്ളത്. വല്ലാത്തൊരു സാഹചര്യം തന്നെയാണ് ഇന്ത്യക്കുള്ളത്.”- കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.
“ഓസ്ട്രേലിയക്ക് പ്രാഥമികമായി ഒരു സ്പിന്നർ മാത്രമേ ഉള്ളൂ എന്നത് മാത്രമാണ് നമുക്ക് ആശ്വാസം. ഒരുപക്ഷേ അവരുടെ രണ്ടാം സ്പിന്നർ ആദം സാംമ്പയോ ആഷ്ടൻ ഏഗറോ ആവും. അതാരായാലും അവരെ കൃത്യമായി നമ്മുടെ ബാറ്റർമാർ ലക്ഷ്യം വയ്ക്കണം.”- ദിനേശ് കാർത്തിക്ക് പറയുന്നു.