ഇന്ത്യൻ പ്രീമിയർ ലീഗിൽ തന്റെ ബോളിംഗ് പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധേയകർഷിച്ച ക്രിക്കറ്ററായിരുന്നു സന്ദീപ് ശർമ. ഐപിഎല്ലിൽ ഹൈദരാബാദിനെയും പഞ്ചാബിനെയും പ്രതിനിധീകരിച്ചിട്ടുള്ള സന്ദീപ് ഇന്ത്യക്കായും 2 ട്വന്റി20 മത്സരങ്ങൾ കളിക്കുകയുണ്ടായി. തനിക്ക് ലഭിക്കുന്ന അവസരങ്ങളിലൊക്കെയും മികച്ച പ്രകടനങ്ങൾ തന്നെയാണ് സന്ദീപ് ഇതുവരെ കാഴ്ചവെച്ചിട്ടുള്ളത്. 2023ലെ ഐപിഎൽ മിനിലേലത്തിൽ 50 ലക്ഷം രൂപ മാത്രമായിരുന്നു സന്ദീപിന്റെ അടിസ്ഥാന വില. എന്നാൽ പത്തു ടീമുകളിൽ ഒരെണ്ണം പോലും സന്ദീപിനായി രംഗത്തുവന്നില്ല. ഇത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് സന്ദീപ് ശർമ്മ പറഞ്ഞത്.
എന്തുകൊണ്ടാണ് ഒരു ടീം തനിക്കായി രംഗത്ത് വരാത്തത് എന്ന് അറിയില്ലെന്ന് സന്ദീപ് പറയുന്നു. “എനിക്ക് ഞെട്ടലും നിരാശയുമാണ് ഉണ്ടായത്. എന്തുകൊണ്ടാണ് ഞാൻ അൺസോൾഡ് ആയതെന്ന് എനിക്കറിയില്ല. ഇതുവരെ കളിച്ച ടീമുകൾക്കായി ഞാൻ നന്നായി കളിച്ചിട്ടുണ്ട്. അതിനാൽ ലേലത്തിൽ ആരെങ്കിലും വാങ്ങുമെന്ന് പ്രതീക്ഷിച്ചു. സത്യസന്ധമായി പറഞ്ഞാൽ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല.
എവിടെയാണ് തെറ്റുപറ്റിയത് എന്ന് എനിക്കറിയില്ല. ആഭ്യന്തര ക്രിക്കറ്റിലും ഞാൻ നന്നായി കളിച്ചിരുന്നു. രഞ്ജി ട്രോഫിയുടെ അവസാന റൗണ്ടിൽ ഏഴ് വിക്കറ്റുകൾ നേടാൻ എനിക്ക് സാധിച്ചു. സൈദ് മുഷ്തഖലിയിലും നന്നായി കളിച്ചു.”- സന്ദീപ് ശർമ്മ പറഞ്ഞു. “ഞാൻ എന്റെ ബോളിങ്ങിൽ സ്ഥിരത പുലർത്താൻ തന്നെയാണ് ശ്രമിച്ചിട്ടുള്ളത്. അതുമാത്രമാണ് എന്റെ കയ്യിലുള്ളത്. സെലക്ഷനും നോൺ സെലക്ഷനും എനിക്ക് നിയന്ത്രിക്കാൻ സാധിക്കില്ല. അവസരം ലഭിച്ചാൽ നല്ലത്. അല്ലെങ്കിലും ഞാൻ എന്റെ ബോളിങ്ങിൽ ശ്രദ്ധിക്കും.”- സന്ദീപ് ശർമ കൂട്ടിച്ചേർക്കുന്നു.
എന്നിരുന്നാലും സന്ദീപ് ശർമ്മയ്ക്ക് ഇനിയും ഐപിഎല്ലിൽ കളിക്കാൻ അവസരങ്ങൾ മുൻപിലുണ്ട്. നിലവിലെ ടീമിലെ ഏതെങ്കിലും ഒരു കളിക്കാരന് പരിക്കുപറ്റിയാണെങ്കിൽ സന്ദീപിന് പകരക്കാരനായി ടീമിലെത്താൻ സാധിക്കും. അതാണ് അവസാന പ്രതീക്ഷ.