ഇന്ത്യയെ കൈപിടിച്ചുകയറ്റി അശ്വിൻ – അയ്യർ വിജയഗാഥ!! മത്സരത്തിൽ ഇന്ത്യയ്ക്ക് 3 വിക്കറ്റ് വിജയം!!

   

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ആവേശോജ്ജ്വലമായ വിജയം. നാലാം ദിവസം ബംഗ്ലാദേശ് പൂർണമായും ആധിപത്യം സ്ഥാപിച്ചപ്പോൾ ശ്രേയസ് അയ്യരുടെയും രവിചന്ദ്രൻ അശ്വിന്റെയും തകർപ്പൻ രക്ഷാപ്രവർത്തനമാണ് ഇന്ത്യയെ മത്സരത്തിൽ വിജയത്തിലെത്തിച്ചത്.അല്ലാത്തപക്ഷം നാണക്കേടിന്റെ കൊടുമുടിയിൽ ഇന്ത്യയെത്തിയേനെ എന്നതാണ് വസ്തുത. മത്സരത്തിൽ 3 വിക്കറ്റുകൾക്കാണ് ഇന്ത്യ വിജയം കണ്ടത്.

   

മത്സരത്തിന്റെ നാലാം ഇന്നിങ്സിൽ ദുർഘടമായ ബാറ്റിംഗ് പിച്ചിൽ 145 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷം. എന്നാൽ തുടക്കം മുതൽ ഇന്ത്യ പതറുന്നത് തന്നെയാണ് കണ്ടത്. ശുഭമാൻ ഗില്ലിന്റെയും(7) രാഹുലിന്റെയും(2) പൂജാരയുടെയും(6) വിക്കറ്റുകൾ ആദ്യമേ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടിരുന്നു. മൂന്നാം ദിവസം മത്സരം നിർത്തുമ്പോൾ 45ന് 4 എന്ന നിലയിലായിരുന്നു ഇന്ത്യ.

   

നാലാം ദിവസവും ഇതിന്റെ തുടർച്ചയെന്നോളം ഇന്ത്യ പതറുന്നതാണ് കണ്ടത്. സ്പിന്നർ മെഹദി ഹസന്റെ ബോളുകൾക്ക് മുൻപിൽ ഇന്ത്യയുടെ മധ്യനിരവീണു. 34 റൺസെടുത്ത അക്ഷർ പട്ടേലിനെയും 9 റൺസെടുത്ത പന്തിനെയും മെഹദി കറക്കി വീഴ്ത്തി. ഇതോടെ ഇന്ത്യ 74ന് 7 എന്ന നിലയിൽ തകർന്നു വീഴുകയായിരുന്നു. എന്നാൽ അവിടെ നിന്ന് രവിചന്ദ്രൻ അശ്വിനും ശ്രേയസ് അയ്യരും ചേർന്ന് ഇന്ത്യയെ കൈപിടിച്ചു കയറ്റി. ബംഗ്ലാദേശ് സ്പിന്നർമാരെ സൂക്ഷ്മതയോടെ ഇരുവരും നേരിട്ടു. ഇതോടെ ഇന്ത്യ മത്സരത്തിലേക്ക് തിരികെയെത്തുകയായിരുന്നു. മത്സരത്തിൽ 46 പന്തുകളിൽ 29  റൺസാണ് ശ്രേയസ് അയ്യര്‍ നേടിയത്. അശ്വിൻ 62 പന്തുകളിൽ 42 റൺസ് നേടി.

   

ഈ വിജയത്തോടെ ഇന്ത്യ പരമ്പര 2-0ന് സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനുള്ള മത്സരത്തിൽ ഇന്ത്യ തങ്ങളുടെ സാധ്യത വർദ്ധിപ്പിച്ചു. അടുത്തമാസം ഓസ്ട്രേലിയക്കെതിരെ നാല് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇനി ഇന്ത്യയ്ക്ക് മുമ്പിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *