ഇന്ത്യൻ ക്രിക്കറ്റിന്റെ രാശി തന്നെ മാറ്റിമറിച്ച ഒന്നായിരുന്നു മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസി. തന്റെ രാജ്യത്തിനായി നേടാനാവുന്നതൊക്കെയും ധോണി നായകൻ എന്ന നിലയിൽ നേടുകയുണ്ടായി കുറച്ചധികം വർഷങ്ങളിലെ ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ച ധോണി എന്ന നായകന്റെ കയ്യിൽ തന്നെയായിരുന്നു. നായകത്വം എന്ന ചുമതല ധോണിക്ക് നൽകാൻ കാരണമായത് ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും. എന്തുകൊണ്ടാണ് സച്ചിൻ അന്ന് നായകസ്ഥാനത്തേക്ക് ധോണിയെ നിർദ്ദേശിച്ചത് എന്നത് പലർക്കുമുള്ള സംശയമാണ്. ഇതേപ്പറ്റിയാണ് സച്ചിൻ ഇപ്പോൾ പറയുന്നത്.
2007ലായിരുന്നു നായക സ്ഥാനത്തേക്ക് സച്ചിൻ ധോണിയെ നിശ്ചയിച്ചത്. “ധോണിയെ ക്യാപ്റ്റൻസിയിലേക്ക് നിശ്ചയിക്കുമ്പോൾ ഞാൻ ഇംഗ്ലണ്ടിലായിരുന്നു. നമുക്ക് ടീമിൽ തന്നെ ഒരു മികച്ച ലീഡറുണ്ടെന്നും അവൻ ഇപ്പോഴും ജൂനിയറാണെന്നും ഞാൻ അവരോട് പറഞ്ഞു. അതിനാൽതന്നെ അവനെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. അതിന് മുൻപ് ധോണിയുമായി ഒരുപാട് സംഭാഷണങ്ങളിൽ ഞാൻ ഏർപ്പെട്ടിരുന്നു. മൈതാനത്ത് ഫസ്റ്റ് സ്ലിപ്പിൽ നിൽക്കുമ്പോൾ.
രാഹുൽ നായകൻ ആയിരിക്കുന്ന സമയത്തും ഞാൻ ധോണിയോട് അഭിപ്രായങ്ങൾ ചോദിച്ചിരുന്നു. എനിക്ക് അയാളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ ശാന്തവും പക്വത നിറഞ്ഞതുമായിരുന്നു.”- സച്ചിൻ പറയുന്നു. “മികച്ച നായകൻ എന്നത് എതിർ ടീമിന് മുകളിൽ ചിന്തിക്കുന്നയാളാണ്. അതിനായി ഒരാളെ തിരഞ്ഞെടുത്താൽ അയാൾ സന്ദർഭോചിതമായിരിക്കണം. ഒരു മത്സരത്തിലും പത്തു ബോളുകളിൽ പത്ത് വിക്കറ്റുകൾ ലഭിക്കില്ല. നമ്മൾ അതിനായുള്ള പദ്ധതികൾ രൂപീകരിക്കണം. ഇതിനെല്ലാത്തിനുമുള്ള നിലവാരം ധോണിയിൽ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് അന്ന് ധോണിയുടെ പേര് ഞാൻ നിർദ്ദേശിച്ചത്.”- സച്ചിൻ കൂട്ടിച്ചേർക്കുന്നു.
ഇന്ത്യക്കായി ഒരുപാട് നേട്ടങ്ങളാണ് ധോണി കൊയ്തത്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും തന്റെ നായകത്വ മികവ് തെളിയിക്കാൻ ധോണിയ്ക്ക് സാധിച്ചു. ഇന്ത്യയ്ക്കായി നിശ്ചിത ഓവർ ലോകകപ്പുകളും ധോണി നേടുകയുണ്ടായി.