ഒരു സമയത്ത് ഏകദിന ക്രിക്കറ്റ് എന്നതിന് പതുങ്ങിയ സമീപനരീതി എന്ന അർത്ഥമായിരുന്നു ഉണ്ടായിരുന്നത്. അന്ന് ടോസ് നേടിയ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയും മികച്ച സ്കോർ കെട്ടിപ്പടുക്കുകയും ചെയ്യാനാണ് ശ്രമിച്ചിരുന്നത്. എന്നാൽ 21 ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഏകദിന ക്രിക്കറ്റിന്റെ ശൈലി ആകെ മാറി. ടീമുകൾ നന്നായി ചെയ്സ് ചെയ്യാനും, കണക്കുകൂട്ടലുകളൊടെ കളിക്കാനും കൂടുതലായി ശ്രദ്ധിച്ചു. അങ്ങനെ ഏകദിനത്തിന്റെ ശൈലി മാറ്റിമറിച്ച രണ്ട് ക്രിക്കറ്റർമാരാണ് യുവരാജ് സിംഗും മഹേന്ദ്ര സിംഗ് ധോണിയും എന്നാണ് ഇന്ത്യൻ മുൻ താരം അജിത്ത് അഗാർക്കർ പറയുന്നത്.
ഇരുവരുടെയും ചെയിസിംഗ് സമീപനങ്ങൾ ക്രിക്കറ്റിൽ ഒരുപാട് മാറ്റങ്ങൾക്ക് വഴി വച്ചതായി അഗാർക്കർ പറയുന്നു. “ഏകദിനങ്ങളിൽ മാനദണ്ഡം മാറ്റിമറിക്കുന്നതിൽ ധോണിയും യുവരാജും പ്രധാന പങ്കുവഹിച്ചു. അവർ സ്കോർ ചെയ്സ് ചെയ്യുന്നതിൽ ഒരുപാട് മികവുകാട്ടി. അവരുടെ വിജയത്തിന് ശേഷമാണ് മറ്റു ടീമുകളും ടോസ് നേടിയ ശേഷം ഫീൽഡിങ് തിരഞ്ഞെടുക്കാൻ തുടങ്ങിയത്.”- അഗാർക്കർ പറയുന്നു.
“ധോണി 2005ൽ ജയ്പൂരിൽ ശ്രീലങ്കയ്ക്കെതിരെ നേടിയ 183, പാക്കിസ്ഥാനെതിരെ ലാഹോറിൽ നടത്തിയ ചെയ്സ്… ശ്രീലങ്ക അന്ന് 298 എന്ന വലിയ സ്കോർ നേടിയിരുന്നു. ശേഷം ധോണി മൂന്നാം നമ്പരിൽ ഇറങ്ങുകയും മത്സരം ഇന്ത്യക്കായി വിജയിക്കുകയും ചെയ്തു. ധോണി സിക്സറുകൾ നേടാൻ തുടങ്ങിയതിനു ശേഷം ഡ്രസിങ് റൂമിലെ സാഹചര്യങ്ങൾ മാറിമറിഞ്ഞു. ലാഹോറിലെ മത്സരത്തിൽ പാക്കിസ്ഥാൻ 288 എന്ന നല്ല സ്കോർ നേടിയിരുന്നു. അവരുടെ ബോളർമാരും നല്ല താളത്തിൽ ആയിരുന്നു. എന്നാൽ ധോണി യുവരാജുമായി ചേർന്ന് വലിയ കൂട്ടുകെട്ട് സൃഷ്ടിച്ച് മത്സരത്തിൽ വിജയിച്ചു.”- അഗാർക്കർ കൂട്ടിച്ചേർക്കുന്നു.
ഏകദിനത്തിന്റെ ആകെയുള്ള മാനദണ്ഡങ്ങൾ മാറ്റിമറിച്ചതിൽ ധോനിക്കും യുവരാജിനും വലിയ പങ്കുണ്ടെന്നാണ് അജിത്ത് അഗാർക്കർ വിശ്വസിക്കുന്നത്. ഇരുവരുടെയും സേവനങ്ങൾ ഇന്ത്യയ്ക്ക് 2007ലും 2011ലെ ലോകകപ്പ് സമ്മാനിച്ചിരുന്നു.