ഇന്ത്യയുടെ ബംഗ്ലാദേശിനതിരായ രണ്ടാം ടെസ്റ്റ് നാളെ മിർപൂരിൽ ആരംഭിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തിൽ കെ എൽ രാഹുൽ തന്നെയാണ് മത്സരത്തിൽ ഇന്ത്യയെ നയിക്കുന്നത്. ആദ്യ മത്സരത്തിൽ നായകൻ എന്ന നിലയിൽ രാഹുൽ മികവുകാട്ടിയെങ്കിലും ബാറ്റിംഗിൽ പരാജയപ്പെടുകയുണ്ടായി. ആദ്യ ഇന്നിങ്സിൽ 22 റൺസും രണ്ടാം ഇന്നിങ്സിൽ 23 റൺസുമായിരുന്നു രാഹുൽ മത്സരത്തിൽ നേടിയത്. അതിനാൽതന്നെ രണ്ടാം ടെസ്റ്റിൽ രാഹുൽ റൺസ് കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നു.
രണ്ടാം ടെസ്റ്റിലെ തന്റെ പ്രതീക്ഷകളെ പറ്റി സംസാരിക്കുകയായിരുന്നു ആകാശ് ചോപ്ര. “ഇന്ത്യയുടെ കാഴ്ചപ്പാടിൽ രാഹുൽ ഒരു നിർണായക കളിക്കാരൻ തന്നെയാണ്. അയാൾ ഒരു അവിസ്മരണീയമായ ക്രിക്കറ്ററാണ്. ആയതിനാൽതന്നെ അയാൾ മത്സരത്തിൽ റൺസ് നേടിയ പറ്റൂ. അത് അയാൾ മോശം കളിക്കാരനായി മാറുന്നത് കൊണ്ടല്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ അന്തരീക്ഷം ഇപ്പോൾ അങ്ങനെയായതുകൊണ്ടാണ്. രാഹുൽ എന്തെങ്കിലും തെറ്റായി ചെയ്താൽ എല്ലാ ആളുകളും അയാളെ പഴിക്കാൻ തുടങ്ങും.”- ആകാശ് ചോപ്ര പറയുന്നു.
“അയാൾ മോശമായി കളിക്കുമ്പോൾ, രാഹുലിനെ എപ്പോഴാണ് പുറത്താക്കുന്നത് എന്ന് അവർ ചോദിച്ചുതുടങ്ങും. ഇന്ത്യയിൽ ആരെങ്കിലും നന്നായി കളിച്ചാൽ മറ്റൊരാളെ ടീമിന് പുറത്താക്കേണ്ടത് നമ്മുടെ ആവശ്യമായി മാറും. അങ്ങനെയാണ് നമ്മുടെ മനസ്സ്. നമ്മൾ തീരുമാനങ്ങൾ പെട്ടെന്ന് മാറ്റിക്കൊണ്ടേയിരിക്കും. നിലവിലെ സാഹചര്യങ്ങൾ കണ്ടാൽ തോന്നും രാഹുലിനെക്കാൾ മോശം കളിക്കാർ ആരുംതന്നെ ഇല്ലെന്ന്. എന്തെന്നാൽ അത്തരം ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.”- ആകാശ് ചോപ്ര പറയുന്നു.
2022ൽ മോശം പ്രകടനങ്ങൾ തന്നെയാണ് ടെസ്റ്റിൽ രാഹുൽ കാഴ്ചവെച്ചിട്ടുള്ളത്. മൂന്ന് ടെസ്റ്റുകളിൽ നിന്ന് ഇതുവരെ 125 റൺസ് മാത്രമേ രാഹുലിന് നേടാൻ സാധിച്ചിട്ടുള്ളൂ. 20.83 ആണ് രാഹുലിന്റെ ഈ വർഷത്തെ ടെസ്റ്റിലെ ശരാശരി.