2022ൽ ഇന്ത്യക്കായി ഏറ്റവും മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ച ബാറ്ററാണ് സൂര്യകുമാർ യാദവ്. ട്വന്റി20യിൽ ഈ വർഷം നിറഞ്ഞാടിയ സൂര്യ 2022ലെ ലോകകപ്പിലും ഇന്ത്യയുടെ നട്ടെല്ലായിരുന്നു. എന്നാൽ ട്വന്റി20ക്ക് ശേഷം തിരികെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്തിയപ്പോഴും ഈ ഫോം കൈവിടാതെ തുടരുകയാണ് സൂര്യകുമാർ യാദവ് രഞ്ജി ട്രോഫിയിൽ മുംബൈ ടീമിന്റെ ഹൈദരാബാദിനെതിരായ മത്സരത്തിൽ ഒരു അതിവേഗ ഇന്നിംഗ്സ് തന്നെയാണ് സൂര്യകുമാർ യാദവ് കാഴ്ചവച്ചത്
മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ പൃഥ്വി ഷായെ മുംബൈയ്ക്ക് ആദ്യമേ നഷ്ടമായെങ്കിലും, മൂന്നാമനായിറങ്ങിയ സൂര്യകുമാർ അടിച്ചു തകർത്തു. ട്വന്റി ട്വന്റിയെ ഓർമിപ്പിക്കുന്ന രീതിയിൽ തന്നെയായിരുന്നു സൂര്യകുമാർ ബാറ്റ് വീശിയത്. 80 പന്തുകളിൽ നിന്നായി 90 റൺസാണ് സൂര്യകുമാർ യാദവ് നേടിയത്. ഇന്നിങ്സിൽ 15 ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ടു. ഇത് മൂന്ന് വർഷത്തിനുശേഷമാണ് സൂര്യകുമാർ ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നത്.
സൂര്യകുമാറിന് പുറമേ ജയ്സ്വാളും രഹാനെയും മുംബൈക്കായി ആദ്യദിവസം നിറഞ്ഞാടി. ജയ്സ്വാൾ 195 പന്തുകളിൽ 162 റൺസ് നേടിയപ്പോൾ, നായകൻ രഹാനെ 139 റൺസും നേടിയിട്ടുണ്ട്. രഹാനയുടെയും വലിയൊരു തിരിച്ചുവരവ് തന്നെയാണ് മത്സരത്തിൽ കാണാനായത്. നിലവിൽ രഹാനെ പുറത്താക്കാതെ നിൽക്കുന്നതിനാൽ തന്നെ ഒരു ഇരട്ട സെഞ്ച്വറിക്കുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
ഈ സ്റ്റാർ ബാറ്റർമാരുടെ മികച്ച പ്രകടനങ്ങളുടെ ബലത്തിൽ ഹൈദരാബാദിനെതിരെ ശക്തമായ നിലയിൽ തന്നെയാണ് മുംബൈ. ആദ്യദിവസം കളി അവസാനിക്കുമ്പോൾ കേവലം മൂന്ന് വിക്കറ്റ്കൾ മാത്രം നഷ്ടപ്പെടുത്തി 457 റൺസ് മുംബൈ നേടിയിട്ടുണ്ട്.