2022 ട്വന്റി20 ലോകകപ്പിലടക്കം ഇന്ത്യക്കായി മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ച ക്രിക്കറ്ററാണ് വിരാട് കോഹ്ലി. നിലവിൽ ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് കോഹ്ലി കളിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഓർത്തുവയ്ക്കാൻ പാകത്തിനുള്ള മികവാർന്ന പ്രകടനം പുറത്തെടുത്തില്ലെങ്കിലും വളരെ പ്രതീക്ഷയിൽ തന്നെയാണ് വിരാട് കോഹ്ലിയുള്ളത്. വിരാട് കോഹ്ലിയുമായി താൻ നടത്തി സംസാരത്തെപ്പറ്റി കോഹ്ലിയുടെ ചെറുപ്പകാല കോച്ചായ രാജ്കുമാര്‍ ശർമ്മ പറയുകയുണ്ടായി.
ഫോമിലേക്ക് തിരിച്ചെത്തിയതിനു ശേഷം വിരാട് വളരെ സന്തോഷവാനും ശാന്തനമാണെന്നാണ് രാജകുമാർ ശർമ പറയുന്നത്. “വിരാട് കോഹ്ലി നല്ല ഫോമിൽ തന്നെയാണുള്ളത്. അയാൾ അയാളുടെ ഫിറ്റ്നസ്സിൽ നന്നായി ശ്രദ്ധിക്കുന്നുണ്ട്. ഒപ്പം നന്നായി തയ്യാറെടുക്കുകയും ചെയ്യുന്നു. ഞാൻ കോഹ്ലിയുമായി സംസാരിച്ചിരുന്നു അവൻ വളരെ സന്തോഷവാനാണ്. ഒപ്പം ശാന്തതയിലുമാണ്. ഇന്ത്യയെ സംബന്ധിച്ച് അത് നല്ലതാണ്. കാരണം ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ കോഹ്ലി തന്നെയാവും ഇന്ത്യയുടെ പ്രധാന കളിക്കാരൻ.”-രാജ്കുമാർ ശർമ്മ പറയുന്നു.
“കോഹ്ലി സ്പിന്നർമാർക്കെതിരെ ബാക്ക് ഫൂട്ടിൽ കളിച്ച് ഒരുപാട് തവണ കൂടാരം കയറിയിട്ടുണ്ട്. എന്നാൽ ഇനിയത് ആവർത്തിക്കാതിരിക്കാൻ അവൻ ശ്രമിക്കുന്നു. എവിടെയാണോ തെറ്റുകൾ അത് കണ്ടെത്തി തിരുത്തുന്നു. കോഹ്ലിയെപോലെ ഒരു കളിക്കാരൻ ഹോട്ടലിൽ ഇരിക്കാതെ തന്റെ മത്സരത്തിൽ പുരോഗമനമുണ്ടാക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ സന്തോഷമാണ്. ടീമിലെ യുവ കളിക്കാർക്ക് നെറ്റ്സിലെ അദ്ദേഹത്തിന്റെ പരിശീലനം മാതൃകയാകും.”- രാജ്കുമാര്‍ ശര്‍മ പറയുന്നു.
“ഏഷ്യാകപ്പിലും ട്വന്റി20 ലോകകപ്പിലും മികച്ച ഫോമിൽ തന്നെയാണ് വിരാട് കോഹ്ലി കളിച്ചിരുന്നത്. അതിനാൽതന്നെ ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും കോഹ്ലി മികവുകാട്ടുമെന്നാണ് എന്റെ വിശ്വാസം”- രാജകുമാര്‍ ശർമ്മ പറഞ്ഞുവെക്കുന്നു.