ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ നിന്നും രോഹിത് ശർമ വിട്ടുനിൽക്കും. ഡിസംബർ 22ന് ധാക്കയിൽ ആരംഭിക്കുന്ന ടെസ്റ്റിൽ നിന്നാണ് ഇന്ത്യൻ ക്യാപ്റ്റനെ ഒഴിവാക്കിയിരിക്കുന്നത്. വിരലിനേറ്റ പരിക്കു മൂലം മുൻപ് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലും രോഹിത് കളിച്ചിരുന്നില്ല. ബംഗ്ലാദേശിനെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ ക്യാച്ചെടുക്കാൻ ശ്രമിക്കുന്നതിനിടയായിരുന്നു രോഹിത്തിന് പരിക്ക് പറ്റിയത്. അതിനാൽതന്നെ പരമ്പരയിലെ അവസാന മത്സരത്തിലും രോഹിത് കളിച്ചിരുന്നില്ല.
പരിക്കുപറ്റിയ ശേഷം കൂടുതൽ ചികിത്സയ്ക്കായി രോഹിത് മുംബൈയിൽ എത്തിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം രോഹിത്തിന്റെ പരിക്ക് പൂർണമായും ഭേദമായിട്ടില്ല. അതിനാൽതന്നെ തന്റെ പൂർണമായ ഫിറ്റ്നസ് വീണ്ടെടുക്കാൻ രോഹിത്തിന് കുറച്ചധികം സമയം ആവശ്യമാണ്. അടുത്ത മാസങ്ങളിൽ നിർണായകമായ പരമ്പരകൾ വരാനിരിക്കുന്നതിനാൽ രോഹിത്തിനെ ഇപ്പോൾ കളിപ്പിച്ച റിസ്ക് എടുക്കാൻ ബിസിസിഐ തയ്യാറല്ല. ധാക്ക ടെസ്റ്റിൽ രോഹിത്തിന് ബാറ്റിംഗിനിറങ്ങാനായാലും, രോഹിത്തിന്റെ മത്സരത്തിലെ ഫീൽഡിങ്ങിനെ പറ്റി പൂർണ ബോധ്യം ബിസിസിഐയ്ക്കില്ല.
ഈ സാഹചര്യത്തിലാണ് ബിസിസിഐ ഇങ്ങനെ ഒരു തീരുമാനമെടുത്തത്. അടുത്തവർഷം ആദ്യം നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന ട്വന്റി20 പരമ്പരകളിൽ രോഹിത് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളുമടങ്ങുന്ന ശ്രീലങ്കൻ പരമ്പര ജനുവരി മൂന്നിനാണ് ആരംഭിക്കുന്നത്.
രോഹിത്തിന്റെ അഭാവത്തിൽ കെ എൽ രാഹുൽ തന്നെയാവും രണ്ടാം ടെസ്റ്റിലും ഇന്ത്യയെ നയിക്കുന്നത്. ഒപ്പം പൂജാര ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായും തുടരും. വലിയൊരു തലവേദനയിൽ നിന്നാണ് ഇന്ത്യൻ സെലക്ടർമാരെ രോഹിതിന്റെ അഭാവം രക്ഷിച്ചിരിക്കുന്നത്. ഇനി ഇന്ത്യക്ക് ധൈര്യമായി ശുഭമാൻ ഗില്ലിനെയും രാഹുലിനെയും ഓപ്പണിങ്ങിറക്കാം.