ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം ഉഗ്രൻ പ്രതികാര കഥയുമായി മുഹമ്മദ് സിറാജ്. ടെസ്റ്റ് ക്രിക്കറ്റിന്റെ എല്ലാ ഭംഗിയും നിറഞ്ഞ മത്സരത്തിൽ സ്ലെഡ്ജിങ്ങിനും സ്ഥാനമുണ്ടായിരുന്നു. മത്സരത്തിൽ ലിറ്റൻ ദാസിനെ മുഹമ്മദ് സിറാജ് സ്ലഡ്ജ് ചെയ്യുകയും ലിറ്റൻ തിരികെ പ്രതികരിക്കുകയും ചെയ്തു. എന്നാൽ അടുത്ത പന്തിൽ തന്നെ ലിറ്റൻ ദാസിന്റെ കുറ്റിപിഴുത് അതേനാണയത്തിൽ സിറാജ് പ്രതികാരം ചെയ്തു. വിരാട് കോഹ്ലിയും ഇതിൽ ചേർന്നതോടെ കാര്യങ്ങൾ രസകരമായി മാറുകയായിരുന്നു.
മത്സരത്തിൽ ബംഗ്ലാദേശ് ഇന്നിങ്സിന്റെ പതിനാലാം ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. മികച്ച രീതിയിൽ തന്നെയായിരുന്നു ദാസ് കളിച്ചിരുന്നത്. തന്റെ 24 റൺസിന് ഇടയ്ക്ക് അഞ്ചു ബൗണ്ടറികൾ ദാസ് നേടി. എന്നാൽ ചായയ്ക്ക് ശേഷം ആ വേഗതയിൽ റൺസ് കണ്ടെത്താൻ ദാസ്സിന് സാധിച്ചില്ല. ആ സമയത്തായിരുന്നു സിറാജ് ബോളിംഗ് ക്രീസിലെത്തിയത്. സിറാജിന്റെ ആദ്യ ബോൾ വളരെ നിസ്സാരമായി ലിറ്റൻ ദാസ് ബാക്ക്ഫുട്ടിൽ കളിച്ചു. ശേഷം മുഹമ്മദ് സിറാജ് ലിറ്റൻ ദാസിനെ സ്ലെഡ്ജ് ചെയ്തു.
സാധാരണഗതിയിൽ ബാറ്റർമാർ ഇതിനെ വകവയ്ക്കാതിരിക്കുകയാണ് ചെയ്യാറ്. എന്നാൽ ലിറ്റൻ ദാസ് സിറാജിന്റെ അടുത്തേക്ക് എത്തി. അയാൾ കൈ ചെവിയിൽ വച്ച ശേഷം ‘എന്താണ് താങ്കൾ പറഞ്ഞത്’ എന്ന് ആംഗ്യം കാട്ടി. അമ്പയർ പെട്ടെന്ന് ദാസിന്റെ അടുത്തെത്തുകയും പിടിച്ചു മാറ്റുകയും ചെയ്തു. അടുത്ത ബോൾ സിറാജ് ഹാർഡ് ലെങ്തിൽ തന്നെ ബോൾ ചെയ്തു.
ആ ബോൾ അല്പം താഴ്ന്നു വരികയും ലിറ്റണിന്റെ ബാറ്റിന്റെ അടിയിൽ കൊണ്ട ശേഷം സ്റ്റാമ്പിൽ പതിക്കുകയും ചെയ്തു. ശേഷം സിറാജ് തന്റെ വിരൽ ചുണ്ടിൽ വെച്ച് പ്രതികാരം കാട്ടി. സ്ലിപ്പിൽ നിന്ന് കോഹ്ലിയും, ദാസ് കാട്ടിയ അതേ ആംഗ്യം തിരികെ കാട്ടി. സിറാജും ഇത് ആവർത്തിച്ചു. ഇത്തരം സ്ലഡ്ജിങ്ങുകൾ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭംഗിയായി തന്നെ എന്നും നിലനിൽക്കുന്നു.
— Guess Karo (@KuchNahiUkhada) December 15, 2022