ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിന് മുൻപ് ഇന്ത്യയുടെ നായകൻ രാഹുൽ ഒരു പ്രസ്താവന നടത്തുകയുണ്ടായി. തങ്ങൾ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പോലെ ആക്രമണപരമായാവും ഇനിയുള്ള ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുക എന്നതായിരുന്നു അത്. സമീപകാലത്ത് ഇംഗ്ലണ്ടാണ് ടെസ്റ്റ് ക്രിക്കറ്റിലും അക്രമണപരമായ ബാറ്റിംഗ് രീതി കൊണ്ടുവന്നത്. ഇത് വലിയ വിജയവുമായിരുന്നു. ആ സാഹചര്യത്തിലാണ് കെ എൽ രാഹുൽ ഈ പ്രസ്താവന നടത്തിയത്. എന്നാൽ ഇന്ത്യയ്ക്ക് ആ രീതിയിൽ കളിക്കാൻ സാധിക്കില്ല എന്നാണ് ഇന്ത്യൻ ബാറ്റർ ദിനേശ് കാർത്തിക് പറയുന്നത്.
“ഇന്ത്യയ്ക്ക് ബാസ്ബോൾ സമീപനം ടെസ്റ്റ് ക്രിക്കറ്റിൽ സാധ്യമാക്കാനാവില്ല. കാരണം അത്തരം സമീപനങ്ങൾ നമ്മുടെ ഡിഎൻഎ യിൽ ഉള്ളതല്ല. രാഹുൽ രംഗത്ത് വന്ന് ഞങ്ങൾ അക്രമണപരമായ ക്രിക്കറ്റ് കളിക്കുമെന്ന് പറഞ്ഞതിന് മറ്റൊരു അർത്ഥമാണുള്ളത്. ഇന്ത്യക്ക് ഇപ്പോൾ വേണ്ടത് ടെസ്റ്റുകളിൽ നിന്ന് ഫലം ഉണ്ടാക്കുകയാണ്. കാരണം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാൻ അവർക്ക് അത് അനിവാര്യമാണ്. അതിനാൽതന്നെ ഈ രണ്ടു മത്സരങ്ങളും വിജയിക്കണം. അതാണ് രാഹുൽ ഉദ്ദേശിച്ചത്.”- കാർത്തിക്ക് പറയുന്നു.
“ഇതിനായി അവർക്ക് വേണ്ടത് സ്കോറിങ് റേറ്റ് ഉയർത്തുക തന്നെയാണ്. എന്നാൽ ഇന്ത്യയ്ക്ക് ഇന്ന് അതിന് സാധിച്ചില്ല. കാരണം വിക്കറ്റ് വളരെ സ്ലോ ആയിരുന്നു. മാത്രമല്ല ആ സമീപനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ മറ്റൊരു ടീം അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. അത്തരം രീതിയിൽ മത്സരത്തെ സമീപിക്കുന്ന കുറച്ചു കളിക്കാരെ നാം കണ്ടെത്തണം.”- കാർത്തിക്ക് പറയുന്നു.
ബംഗ്ലാദേശിനെതിരായ ടെസ്റ്റിൽ ആദ്യദിനം പതിഞ്ഞ താളത്തിൽ തന്നെയായിരുന്നു ഇന്ത്യ കളിച്ചത്. 90 ഓവറുകളിൽ 278 റൺസ് മാത്രം നേടാനെ ഇന്ത്യയ്ക്ക് സാധിച്ചുള്ളൂ. ഈ സാഹചര്യത്തിൽ ആക്രമണോത്സുകത കൂട്ടുന്നത് ഇന്ത്യയെ ദോഷമായി ബാധിക്കും എന്ന് ഉറപ്പാണ്.