കിഷൻ അടിച്ചത് ബംഗ്ലാദേശിനിട്ട്!! പക്ഷെ പണി കിട്ടിയത് ശിഖർ ധവാന്!!

   

ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇഷാൻ കിഷൻ ഡബിൾ സെഞ്ചുറി നേടിയതോടെ ഇന്ത്യൻ ടീമിലെ സമവാക്യങ്ങൾ ആകെ മാറിമറിഞ്ഞിരിക്കുകയാണ്. പരിക്കേറ്റ രോഹിത്തിന് പകരക്കാരനായെത്തിയ കിഷൻ മത്സരത്തിൽ അടിച്ചുതകർത്തതോടെ ഇന്ത്യയുടെ ഏകദിന ടീമിലെ പലരുടെയും സ്ഥാനങ്ങൾ തുലാസിലായി. നിലവിൽ ഇന്ത്യക്ക് രോഹിത്, ശുഭ്മാൻ ഗിൽ, ശിഖർ ധവാൻ, കിഷൻ എന്നിവരാണ് ഓപ്പണറായുള്ളത്. അതിനാൽ കിഷന്റെ ഇന്നിംഗ്സോടെ ധവാന്റെ ടീമിലെ സ്ഥാനത്തിന് പ്രശ്നങ്ങളുണ്ടാവും എന്നാണ് ഇന്ത്യൻ താരം ആകാശ് ചോപ്ര പറയുന്നത്.

   

കിഷാന്റെ ഈ പ്രകടനം സെലക്ടർമാർക്കടക്കം പലർക്കും തലവേദന ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ആകാശ് ചോപ്ര പറയുന്നത്. “ഇഷാൻ കിഷാൻ വളരെ മാധുര്യമേറിയ തലവേദനയാണ് നൽകിയിരിക്കുന്നത്. ശുഭമാൻ ഗിൽ ഈ പരമ്പരയിൽ കളിക്കേണ്ടതായിരുന്നു. എന്നാൽ കളിച്ചില്ല. ഇഷാന് ഗില്ലിന്റെ സ്ഥാനത്ത് കളിക്കാൻ അവസരം ലഭിക്കുകയും, അയാളത് പരമാവധി ഉപയോഗിക്കുകയും ചെയ്തു. ഇനി അയാളെ എങ്ങനെ ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കും? അയാളെ മാറ്റിയില്ലെങ്കിൽ ശിഖർ ധവാന്റെ കാര്യം പ്രയാസത്തിൽ ആവില്ലേ?”- ആകാശ് ചോപ്ര ചോദിക്കുന്നു.

   

“ശിഖർ ധവാന്റെ കാര്യം കഷ്ടത്തിലാണ്.കെ.എൽ രാഹുൽ ബാറ്റിംഗ് ഓർഡറിൽ താഴേക്ക് എത്തിയിട്ടുണ്ട്. രോഹിത് ടീമിന്റെ നായകനാണ്. അതിനാൽ രോഹിത് ഓപ്പണറായി തന്നെ തിരികെ ടീമിലെത്തും. അയാളോടൊപ്പം ആര് ഇറങ്ങും? അതൊരു വലിയ ചോദ്യമാണ്. അതിനുള്ള ഉത്തരം ഇപ്പോൾ പറയാൻ സാധിക്കില്ല.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

   

ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ വളരെ മോശം ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ശിഖർ ധവാൻ കാഴ്ചവച്ചത്. പരമ്പരയിൽ മൂന്നു മത്സരങ്ങളിൽ നിന്ന് 18 റൺസ് മാത്രമാണ് ധവാൻ നേടിയത്. അതിനാൽതന്നെ ഇനി ടീമിൽ ധവാന്റെ സ്ഥാനം അനിശ്ചിതാവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *