ഇന്ത്യയുടെ ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തിൽ എടുത്തു പറയാവുന്ന സമീപനമായിരുന്നില്ല ഇന്ത്യയുടെ നായകൻ രോഹിത് ശർമയിൽ നിന്നുണ്ടായത്. മത്സരത്തിന്റെ അവസാന ഓവറുകളിൽ സമ്മർദ്ദം രോഹിത്തിന്റെ മുഖത്ത് ദൃശ്യമായിരുന്നു. മത്സരത്തിൽ രോഹിത്തിന്റെ പല തന്ത്രങ്ങളും പാളുന്നതായി കണ്ടു. ഇതിനെപ്പറ്റിയാണ് മുൻ പാക്കിസ്ഥാൻ ക്രിക്കറ്റർ ഡാനിഷ് കനേറിയ ഇപ്പോൾ സംസാരിക്കുന്നത്.
മത്സരത്തിൽ ബംഗ്ലാദേശിന്റെ അവസാന ബാറ്റിംഗ് ജോഡികൾ ക്രീസിൽ തുടരുന്ന സമയത്ത് രോഹിത് വാഷിംഗ്ടൺ സുന്ദറിനെ ബോൾ ഏൽപ്പിക്കാതിരുന്നത് വളരെ മോശം തീരുമാനമായിപോയി എന്നാണ് ഡാനിഷ് കനേറിയ പറയുന്നത്. “ഫീൽഡിൽ ഇന്ത്യയുടെ നായകൻ രോഹിത് ശർമ ഒരുപാട് മോശം തീരുമാനങ്ങൾ എടുക്കുകയുണ്ടായി. ഇന്ത്യയിലേക്ക് തിരിച്ചെത്തിയശേഷം വാഷിംഗ്ടൺ സുന്ദറിനെ രോഹിത് എവിടെയാണ് ബോൾ ചെയ്യിക്കാൻ ഉദ്ദേശിക്കുന്നത്? എന്താണ് അയാൾ ചെയ്യുന്നത്? എനിക്ക് മനസ്സിലാവുന്നില്ല”- ഡാനിഷ് കനേറിയ പറയുന്നു.
“സുന്ദറിന് മത്സരത്തിൽ 5 ഓവറുകൾ അവശേഷിച്ചിരുന്നു. മുസ്തഫിസുർ റഹ്മാൻ ഒരു ഇടംകയ്യൻ ബാറ്ററായിരുന്നു. ഒരു ഇടംകയ്യൻ വാലറ്റക്കാരനായ ബാറ്റർക്കെതിരെ ഓഫ് സ്പിന്നർ ബോൾ ചെയ്താൽ വിക്കറ്റ് ലഭിക്കുമെന്ന് അണ്ടർ 16 കളിക്കാർക്ക് പോലും അറിയാവുന്ന കാര്യമാണ്. മാത്രമല്ല സുന്ദറിന് പിച്ചിൽ നിന്ന് പിന്തുണയും ലഭിച്ചിരുന്നു. പക്ഷേ രോഹിത് അവസാന ഓവറുകളിൽ സുന്ദറിനെ കൊണ്ട് ബോൾ ചെയ്യാൻ തയ്യാറായില്ല.”- ഡാനിഷ് കനേറിയ കൂട്ടിച്ചേർക്കുന്നു.
ഇതോടൊപ്പം ലോകകപ്പിലേക്ക് അടുക്കുമ്പോഴും ഇന്ത്യൻ നിരയെ സംബന്ധിച്ച സംശയങ്ങൾ അവശേഷിക്കുകയാണെന്ന് ഡാനിഷ് കനേറിയ പറയുന്നു. “വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യ മത്സരത്തിൽ നടത്തിയത്. നമ്മൾ ലോകകപ്പിനുള്ള ടീമാണ് നിർമ്മിക്കുന്നത്. ഇപ്പോഴും അതിൽ ഒരുപാട് ചോദ്യങ്ങൾ അവശേഷിക്കുന്നു. ആരാണ് നമ്മുടെ സ്ഥിരമായ ഓപ്പണർ? ആരാണ് മധ്യനിര ബാറ്റർ? ഏതൊക്കെ ബോളർമാർ എവിടെയൊക്കെ എറിയണം? ഒരുപാട് സംസാരങ്ങൾ ഉണ്ടാവുന്നുണ്ട്. പക്ഷേ ഒരു തീരുമാനവുമില്ല.”- ഡാനിഷ് കനേറിയ പറഞ്ഞുവയ്ക്കുന്നു.