2022 ട്വന്റി20 ലോകകപ്പിലെ ടീം സെലക്ഷനിൽ ഒരുപാട് പഴവുകൾ ഇന്ത്യയ്ക്ക് പറ്റിയിരുന്നു. ടൂർണമെന്റിനു മുൻപ് മികച്ച പ്രകടനം കാഴ്ചവച്ച പലരെയും ഇന്ത്യയ്ക്ക് ടീമിൽ ഉൾപ്പെടുത്താൻ സാധിച്ചില്ല. ഇതിൽ ഒരാളാണ് മലയാളി തരം സഞ്ജു സാംസൺ. ലോകകപ്പിന് മുൻപ് ഇന്ത്യയുടെ പരമ്പരയിലൊക്കെയും അഭിമാനകരമായ പ്രകടനം തന്നെയായിരുന്നു സഞ്ജു സാംസൺ കാഴ്ചവെച്ചത്. എന്നാൽ ലോകകപ്പ് സ്‌ക്വാഡിൽ ഇടംപിടിക്കാൻ സഞ്ജുവിന് സാധിച്ചില്ല. ഇതേപ്പറ്റിയാണ് ഇന്ത്യയുടെ മുൻ ക്രിക്കറ്റർ മുഹമ്മദ് കൈഫ് പറയുന്നത്.
ഇന്ത്യൻ ടീമിന്റെ ഭാവിയെക്കുറിച്ച് സ്പോർട്സ്കീഡയോട് സംസാരിക്കുകയായിരുന്നു കൈഫ്. “ഭാവിയെക്കുറിച്ച് സംസാരിക്കുമ്പോൾ വളരെയേറെ പ്രതീക്ഷയുള്ള ക്രിക്കറ്ററാണ് സഞ്ജു സാംസൺ. അഞ്ചാം നമ്പരിൽ ഇന്ത്യക്കായി കളിക്കാൻ സഞ്ജു തയ്യാറായിരുന്നു. ഒരുപാട് വർഷങ്ങളായി സഞ്ജു രാജസ്ഥാൻ ടീമിനായി ഐപിഎൽ കളിക്കുന്നു. കഴിഞ്ഞവർഷം രാജസ്ഥാനെ ഫൈനലിലെത്തിക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.”- കൈഫ് പറയുന്നു.
“വിൻഡീസിനെതിരെയും സഞ്ജു മാച്ച് വിന്നിംഗ് ഇന്നിങ്സുകൾ കളിച്ചിരുന്നു. രണ്ടു-മൂന്നു വിക്കറ്റുകൾ വീഴുമ്പോഴേക്കും മൈതാനത്തിറങ്ങി ആക്രമണം അഴിച്ചുവിടാൻ സഞ്ജുവിന് സാധിക്കുന്നുണ്ട്. സ്പിന്നർമാർക്കെതിരെ അനായാസബൗണ്ടറികൾ നേടാനും സഞ്ജുവിന് സാധിക്കും. ഇക്കാരണങ്ങൾകൊണ്ട് തന്നെ അഞ്ചാം നമ്പറിനായി സഞ്ജു റെഡിയായിരുന്നു. പക്ഷേ ഇന്ത്യ ലോകകപ്പിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയില്ല. അതൊരു പിഴവാണ്.”- കൈഫ് കൂട്ടിചേർത്തു.
ലോകകപ്പിൽ ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനം വളരെ മോശം തന്നെയായിരുന്നു. ഹർദിക് പാണ്ട്യയെ മാറ്റിനിർത്തിയാൽ ദിനേശ് കാർത്തിക്കും പന്തും അക്ഷർ പട്ടേലും മധ്യനിരയിൽ പതറുന്നത് തന്നെയാണ് ടൂർണമെന്റിൽ കാണാനായത്. കൈഫിന്റെ പ്രസ്താവനകൾക്ക് പിന്നിൽ ഈ കണക്കുകൂട്ടലുകളും ഉണ്ട്.