രോഹിത് ഇന്ത്യയുടെ ട്വന്റി20 ടീമിന് ഫിറ്റല്ല!! ക്യാപ്റ്റൻ എന്ന നിലയിലും കളികാരനെന്ന നിലയിലും പരാജയം – കനേറിയ

   

2022 ലോകകപ്പിൽ അത്ര മികച്ച പ്രകടനമായിരുന്നില്ല ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ കാഴ്ചവച്ചത്. ടൂർണമെന്റിൽ ബാറ്റിംഗിൽ രോഹിത് പൂർണമായി പരാജയപ്പെടുകയുണ്ടായി. ആറു മത്സരങ്ങളിൽ നിന്ന് 116 റൺസ് മാത്രം നേടാനെ രോഹിത്തിന് സാധിച്ചുള്ളൂ. ഇതോടൊപ്പം പവർപ്ലെയിൽ രോഹിത്തിന്റെയും രാഹുലിന്റെയും പതിഞ്ഞ താളത്തിലുള്ള ബാറ്റിംഗ് ശൈലിയും ഒരുപാട് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇക്കാരണങ്ങളൊക്കെ കൊണ്ട് നിലവിൽ രോഹിത് ശർമ ട്വന്റി20 ക്രിക്കറ്റിന് യോജിച്ച ആളല്ല എന്നാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേറിയ പറയുന്നത്.

   

“രോഹിത് ശർമയുടെ ഫിറ്റ്നസിനെ സംബന്ധിച്ച് ഒരുപാട് ചോദ്യങ്ങൾ ഉയരുന്നുണ്ട്. അടുത്ത ട്വന്റി20 ലോകകപ്പിന് രണ്ടു വർഷങ്ങൾ സമയമുണ്ട്. രോഹിത് ശർമ ട്വന്റി20 കളിക്കാൻ ഒട്ടും ഫിറ്റല്ല. രോഹിത് ശർമയുടെ ബാറ്റ് പോലും കൃത്യസമയത്ത് ചലിക്കുന്നില്ല. 2022 ട്വന്റി20 ലോകകപ്പിലെ രോഹിത്തിന്റെ പ്രകടനം ആരാധകരെയടക്കം ചോടിപ്പിച്ചിട്ടുണ്ട്. ഒരുതരത്തിലും അംഗീകരിക്കാനാവാത്ത പ്രകടനമാണ് അയാൾ നടത്തിയത്. ക്യാപ്റ്റൻ എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും രോഹിത് പൂർണമായി പരാജയപ്പെട്ടു.”- കനേറിയ പറഞ്ഞു.

   

ഇതോടൊപ്പം രാഹുൽ ദ്രാവിഡും വിവിഎസ് ലക്ഷ്മണും ഇന്ത്യയ്ക്ക് യോജിച്ച ട്വന്റി20 കോച്ചുകളല്ല എന്നും കനേറിയ പറയുകയുണ്ടായി. “ദ്രാവിഡും ലക്ഷ്മണും മികച്ച ട്വന്റി20 കോച്ചല്ല. ഇന്ത്യൻ ടീം അവരെ ഒഴിവാക്കണം. ഇന്ത്യയ്ക്ക് വേണ്ടത് വിരേന്ദർ സേവാഗിനെപോലെ ഒരു കോച്ചിനെയാണ്. ഗൗതം ഗംഭീറിനെ പോലെ സത്യസന്ധനും കർക്കശക്കാരനുമായ കോച്ചും നല്ലതാണ്.” – കനേറിയ കൂട്ടിച്ചേർക്കുന്നു.

   

നായകൻ എന്ന ഭാരം രോഹിത്തിനെ ബാധിക്കുന്നത് കഴിഞ്ഞ സമയങ്ങളിൽ ദൃശ്യമായ കാര്യമാണ്. കഴിഞ്ഞ 10 ട്വന്റി20 ഇന്നിങ്സുകളിൽ മൂന്നുതവണ മാത്രമാണ് രോഹിത് 20 റൺസിന് മുകളിൽ നേടിയത്. സ്ട്രൈക്ക് റേറ്റിലും നിലവിൽ മോശം നമ്പറുകളാണ് രോഹിതിന് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *