2022 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ തേര് തെളിച്ച ബാറ്റർ സൂര്യകുമാർ യാദവ് തന്നെയായിരുന്നു. ടൂർണമെന്റിലുടനീളം സൂര്യകുമാർ തന്റെ ഫോം തുടർന്നു. മറ്റു ബാറ്റർമാർ പരാജയപ്പെട്ടിടത്ത് സൂര്യകുമാർ അടിച്ചു തകർക്കുന്നതാണ് കണ്ടത്. ടൂർണമെന്റിൽ 6 മത്സരങ്ങളിൽ നിന്ന് 239 റൺസായിരുന്നു സൂര്യകുമാർ യാദവ് നേടിയത്. ഇന്ത്യ ഇനിയും സൂര്യകുമാറിനെ പോലെയുള്ള ക്രിക്കറ്റർമാരെ വാർത്തെടുക്കേണ്ടതുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം സഞ്ജയ് ബംഗാർ പറയുന്നത്.
സൂര്യകുമാർ ഇന്ത്യൻ നിരയിൽ വരുത്തിയ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിലാണ് സഞ്ജയ് ബംഗാർ ഇക്കാര്യങ്ങൾ ബോധിപ്പിച്ചത്. “ഇന്ത്യയുടെ ട്വന്റി20 ക്രിക്കറ്റിലെ ഒരു വിപ്ലവം തന്നെയാണ് സൂര്യകുമാർ യാദവ് എന്ന കളിക്കാരൻ. അയാളെ പോലെയുള്ള മൾട്ടി ഡൈമെൻഷനൽ കളിക്കാരെ ഇന്ത്യ കണ്ടെത്തേണ്ടതുണ്ട്. നിലവിലെ ഇംഗ്ലണ്ട് ടീം ഒന്ന് ശ്രദ്ധിക്കൂ. അവർക്ക് ഒരുപാട് ഓൾറൗണ്ടർമാരുണ്ട്. 9ആം നമ്പറിലും പത്താം നമ്പറിലും വരെ ബാറ്റിംഗുണ്ട്.”- ബംഗാർ പറയുന്നു.
ഇതുകൂടാതെ സൂര്യകുമാറിനെ പോലെ വ്യത്യസ്ത ഷോട്ടുകൾ കളിക്കുന്നവരെയാണ് ഇന്ത്യക്കാവശ്യമെന്നും ബംഗാർ പറയുകയുണ്ടായി. “മൈതാനത്തിന്റെ ഇരുവശങ്ങളും ലക്ഷ്യം വയ്ക്കുന്ന കളിക്കാരെയാണ് വേണ്ടത്. റിവേഴ്സ് സ്വീപ്പുകളും സ്വിച്ച് ഹിറ്റുകളും മറ്റു ഷോട്ടുകളും കളിക്കാൻ പറ്റുന്നവർ വേണം. സൂര്യയെ സംബന്ധിച്ച് ഷോട്ട് സെലക്ഷനിൽ അയാൾക്ക് ഒരുപാട് ഓപ്ഷനുകളുണ്ട്. അയാൾ ഒരു പ്രചോദനമാണ്. അയാളെ പോലെയുള്ള കളിക്കാരെ വാർത്തെടുക്കാൻ സാധിക്കണം.”- ബംഗാർ കൂട്ടിച്ചേർക്കുന്നു.
ലോകകപ്പിൽ വമ്പൻ പ്രകടനം തന്നെയായിരുന്നു സൂര്യകുമാർ യാദവ് കാഴ്ചവച്ചത്. വ്യത്യസ്തമായ ഷോട്ടുകൾ കൊണ്ട് സൂര്യ എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. എന്നാൽ നിർണായകമായ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ തിളങ്ങാൻ സൂര്യയ്ക്ക് സാധിച്ചില്ല.