ഇന്ത്യൻ ടീമിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച ഒരു സ്പെല്ലിലായിരുന്നു 2021 ലോകകപ്പ് മത്സരത്തിൽ ഷാഹിൻ അഫ്രീദി ഇന്ത്യക്കെതിരെ എറിഞ്ഞത്. വളരെയധികം ആത്മവിശ്വാസത്തോടെ ബാറ്റിംഗിനിറങ്ങിയ ഇന്ത്യൻ ഓപ്പണർമാരെ ഷാഹിൻ അഫ്രീദി ഞെട്ടിച്ചു. ആ ഞെട്ടലിൽ നിന്ന് മോചിതരാകാൻ ബുദ്ധിമുട്ടിയ ഇന്ത്യ 2021ലെ ലോകകപ്പിൽ നിന്നും പുറത്താക്കുകയും ചെയ്തു. 2022 ലോകകപ്പിലേക്ക് വരുമ്പോൾ എന്ത് വിലകൊടുത്തും ഷാഹിൻ അഫ്രീദിയെ പ്രതിരോധിക്കാൻ തന്നെയാവും ഇന്ത്യ ശ്രമിക്കുന്നത്. 2021ലെ ലോകകപ്പിൽ താൻ ഇന്ത്യൻ ടീമിനെതിരെ പ്രയോഗിച്ച തന്ത്രങ്ങളെപ്പറ്റി ഷാഹിൻ അഫ്രീദി സംസാരിക്കുകയുണ്ടായി.
2021 ലോകകപ്പിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ രോഹിത് ശർമയെ കറക്കിവീഴ്ത്താൻ താൻ ഉപയോഗിച്ച തന്ത്രത്തെക്കുറിച്ചാണ് ഷാഹിൻ പറഞ്ഞത്. “രോഹിത് ശർമ ഇൻസ്വിങ്ങർ ബോളുകൾ കളിക്കാൻ പ്രയാസപ്പെടുന്നത് ഞാൻ നിരീക്ഷിച്ചിരുന്നു. പ്രത്യേകിച്ച് യോർക്കർ ലെങ്തിൽ. 2021ൽ എനിക്ക് ഏറ്റവുമധികം വിക്കറ്റുകൾ ലഭിച്ചതും ഇൻസ്വിങ്ങർ ഡെലിവറികളിലൂടെയായിരുന്നു. അതിനാൽതന്നെ എന്തുകൊണ്ട് രോഹിത്തിനെതിരെ ഇൻസിംഗറുകൾ ഉപയോഗിച്ചുകൂടാ എന്ന് ഞാൻ ചിന്തിച്ചു. അതിനുള്ള ഫലവും ലഭിക്കുകയുണ്ടായി.”- ഷാഹിൻ അഫ്രീദി പറഞ്ഞു.
മത്സരത്തിൽ കേ എൽ രാഹുലിന്റെ വിക്കറ്റെടുക്കാൻ തന്റെ ടീമംഗം ഷോഐബ് മാലിക് സഹായിച്ചതായും അഫ്രീദി പറയുന്നു.” കെ എൽ രാഹുൽ ക്രീസിലുണ്ടായിരുന്ന സമയത്ത് മാലിക് എന്റെ അടുത്തുവന്നു. അദ്ദേഹം ബോൾ സിംഗ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ വലുതായില്ല എന്നാണ് ഞാൻ പറഞ്ഞത്. ശേഷം യോർക്കാറകൾക്ക് പകരം ലെങ്ത് ബോൾ എറിയാൻ അദ്ദേഹം പറഞ്ഞു. ഞാൻ ലെങ്ത് ബോളറിയുകയും രാഹുലിന്റെ വിക്കറ്റ് ലഭിക്കുകയും ചെയ്തു. “- അഫ്രീദി കൂട്ടിചേർക്കുന്നു.
വലിയൊരു പരിക്കിൽ നിന്നാണ് ഷാഹിൻ അഫ്രീദി ലോകകപ്പിലേക്ക് തിരിച്ചെത്തുന്നത്. പരിക്കുമൂലം ഏഷ്യാകപ്പിലടക്കം ഷാഹിൻ അഫ്രീദി കളിച്ചിരുന്നില്ല. എന്നാൽ തിരികെയെത്തിയ പരിശീലന മത്സരങ്ങളിലടക്കം മികച്ച പ്രകടനങ്ങളാണ് അഫ്രീദി കാഴ്ചവച്ചത്. ഒക്ടോബർ 23നാണ് ഇന്ത്യയുടെ പാക്കിസ്ഥാനെതിരായ മത്സരം നടക്കുക.