വനിതാ ഏഷ്യകപ്പ് 2022ലെ ആദ്യ സെമിഫൈനൽ നാളെ സിൽഹെറ്റിൽ നടക്കും. മത്സരത്തിൽ ഇന്ത്യൻ വനിതാ ടീം തായ്‌ലൻഡ് വനിതാ ടീമിനെയാണ് നേരിടുക. മുൻപ് ഇരുടീമുകളും ഗ്രൂപ്പ് സ്റ്റേജിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. മത്സരത്തിൽ ഇന്ത്യ അനായാസം വിജയം നേടുകയാണ് ഉണ്ടായത്. അത് നാളെയും ആവർത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നാളെ രാവിലെ 8.30നാണ് മത്സരം നടക്കുന്നത്.
ഗ്രൂപ്പ് സ്റ്റേജിൽ കളിച്ച ആദ്യ മത്സരത്തിൽ അഞ്ചെണ്ണത്തിലും ജയിച്ചാണ് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ എത്തിയത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ മറുവശത്ത് സ്ഥിരതയാർന്ന പ്രകടനമല്ല തായ്ലൻഡ് ടീം കാഴ്ചവെച്ചത്. പാക്കിസ്ഥാനെതിരെ ചരിത്രവിജയം കരസ്ഥമാക്കിയ തായ്‌ലൻഡ് ഇന്ത്യക്കെതിരെ തീർത്തും പരാജയമായി മാറി. മത്സരത്തിൽ വെറും 37 റൺസിന് തായ്‌ലൻഡ് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യ കേവലം 6 ഓവറുകളിൽ ലക്ഷ്യം മറികടക്കുകയും ചെയ്തു. എന്നിരുന്നാലും ചരിത്രം തിരുത്തിക്കുറിച്ചാണ് തായ്‌ലൻഡ് വനിതകൾ ഏഷ്യാകപ്പിന്റെ സെമിഫൈനലിൽ എത്തിയത്.
മറുവശത്ത് ഇന്ത്യയെ സംബന്ധിച്ച് മികച്ച ഫോമിൽ തന്നെയാണ് ഉള്ളത്. ഓപ്പണർമാരായ സ്മൃതി മന്ദനയും ഷഫാലി വർമയും ബംഗ്ലാദേശിനെതിരെ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. മൂന്നാം നമ്പറിൽ ജമീമ റോഡ്രിഗസിന്റെ സ്ഥിരതയാർന്ന പ്രകടനവും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു കഴിഞ്ഞ മത്സരത്തിൽ വിശ്രമം അനുവദിച്ച ഹർമൻപ്രീറ്റ് കോറും രേണുക സിംഗും സെമിഫൈനലിൽ തിരിച്ചെത്തും. ഇക്കാരണങ്ങൾ കൊണ്ട് തന്നെയും ആദ്യ സെമിഫൈനലിൽ ഇന്ത്യ ജയിക്കാൻ തന്നെയാണ് സാധ്യത.
മത്സരം ഇന്ത്യൻ സമയം രാവിലെ 8.30നാണ് നടക്കുക. ഡിസ്നി+ഹോട്ട്സ്റ്റാറിലും സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും മത്സരം ലൈവായി തന്നെ കാണാവുന്നതാണ്. നാളത്തെ മത്സരം വിജയിച്ചാൽ ഫൈനലിൽ പാക്കിസ്ഥാനോ ശ്രീലങ്കയോ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ.