തങ്ങളുടെ ആദ്യ മത്സരത്തിൽ ഉയർന്നുവന്ന മുഴുവൻ വിമർശനങ്ങളെയും ഇല്ലായ്മ ചെയ്ത വിജയമായിരുന്നു ഇന്ത്യൻ നിര റാഞ്ചി ഏകദിനത്തിൽ നേടിയത്. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മികവുറ്റ പ്രകടനങ്ങൾ തന്നെയാണ് ഇന്ത്യ കാഴ്ചവച്ചത്. ഇതിൽ പ്രധാനമായി എടുത്തുപറയേണ്ടത് മുഹമ്മദ് സിറാജിന്റെ അവസാന ഓവറുകളിലെ ബോളിങ്ങും മുൻനിര-മധ്യനിര ബാറ്റർമാരുടെ സംയമനപൂർവമുള്ള പ്രകടനവുമാണ്. ഇതിനൊപ്പം പിച്ചിന്റെ സാഹചര്യങ്ങളും ഇന്ത്യയെ സഹായിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ ശിഖർ ധവാൻ ഇന്ത്യയുടെ ഈ വിജയത്തിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ കേശവ് മഹാരാജിനോടാണ്. മത്സരശേഷമുള്ള അഭിമുഖത്തിലാണ് ശിഖർ ധവാൻ ഇക്കാര്യം പറഞ്ഞത്.
മത്സരത്തിൽ നിങ്ങളെ ഏറ്റവും സഹായിച്ചതെന്ത് എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ധവാൻ. “കാര്യങ്ങൾ വളരെ നന്നായി തന്നെ സംഭവിച്ചു. പ്രത്യേകമായി നന്ദി പറയാനുള്ളത് കേശവ് മഹാരാജിനോടാണ്. കാരണം അയാൾ ടോസ് നേടിയ ശേഷം ബാറ്റിംഗ് തിരഞ്ഞെടുത്തത് ഞങ്ങൾക്ക് ഗുണം ചെയ്തു ഞങ്ങളുടെ ഇന്നിംഗ്സിന്റെ കൃത്യമായ സമയത്ത് മഞ്ഞുതുള്ളികൾ എത്തുകയും ഞങ്ങൾക്കത് സഹായകരമായി മാറുകയും ചെയ്തു.”- ധവാൻ പറയുന്നു.
കൂടാതെ മത്സരത്തിൽ തങ്ങൾ ഉപയോഗിച്ച് തന്ത്രത്തെപ്പറ്റിയും ധവാൻ പറയുകയുണ്ടായി. “ഇഷാൻ കിഷനും ശ്രേയസ് അയ്യരും നന്നായി തന്നെ ബാറ്റ് ചെയ്തു. അവരുടെ കൂട്ടുകെട്ട് കാണാൻ തന്നെ ഭംഗിയായിരുന്നു. ആദ്യ 10 ഓവറുകളിൽ ഞങ്ങൾ അടിച്ചു തകർക്കാമെന്നാണ് വിചാരിച്ചത്. എന്നാൽ അതിനുശേഷം മഞ്ഞുതുള്ളികൾ എത്തിയതോടെ ബാറ്റിംഗ് എളുപ്പമുള്ളതായി മാറി.”- ധവാൻ കൂട്ടിച്ചേർത്തു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര സമനിലയിലാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. മൂന്നാം മത്സരം നാളെ ഉച്ചയ്ക്ക് 1:30 ആണ് നടക്കുക. രണ്ടാം മത്സരത്തിലേതുപോലെ മൂന്നാം മത്സരത്തിലും ഇന്ത്യ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.