ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിൽ നടക്കും. ആദ്യമത്സരത്തിൽ 9 റൺസിന് പരാജയമറിഞ്ഞ ഇന്ത്യയെ സംബന്ധിച്ച് മത്സരം വളരെ പ്രാധാന്യമുള്ളതാണ്. ഇന്നത്തെ മത്സരത്തിൽ പരാജയമറിഞ്ഞാൽ ഇന്ത്യയ്ക്ക് പരമ്പര നഷ്ടമാകും. അതിനാൽ തന്നെ ആദ്യമത്സരത്തിലെ പിഴവുകൾ സാധൂകരിച്ച് ഒരു വമ്പൻ തിരിച്ചുവരവിനാവും ഇന്ത്യ ശ്രമിക്കുക. ഉച്ചയ്ക്ക് 1 30നാണ് മത്സരം ആരംഭിക്കുക.
ആദ്യ മത്സരത്തിലെ പരാജയം ഇന്ത്യയ്ക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട്. സിം ബൗളർമാരുടെ മോശംപ്രകടനവും, മുൻനിരയുടെ പതിഞ്ഞ താളത്തിലുള്ള ബാറ്റിംഗും, ഫീൽഡിർമാർ ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതുമായിരുന്നു ഇന്ത്യയുടെ മത്സരത്തിലെ പ്രധാന പരാജയകാരണം. ഇതിൽ എടുത്തു പറയേണ്ടത് ബോളിംഗ് വിഭാഗം തന്നെയാണ്. ട്വന്റി 20ലെ മോശം ഡെത്ത് ഓവർ ബോളിങ്ങിനു ശേഷം ആദ്യ ഏകദിനത്തിലും ഇന്ത്യയുടെ സീം ബോളർമാർ പരാജയപ്പെടുന്നതാണ് കണ്ടത്.ഒപ്പം ഇന്ത്യൻ ഫീൽഡർമാർ കുറച്ചധികം ക്യാച്ചുകൾ നഷ്ടപ്പെടുത്തിയതോടെ ദക്ഷിണാഫ്രിക്ക 249 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.
ബാറ്റിംഗിൽ ചില ആശ്വാസകരമായ പ്രകടനങ്ങൾ ആദ്യ ഏകദിനത്തിലുണ്ടായി. അതിൽ പ്രധാനപ്പെട്ടത് സഞ്ജു സാംസന്റെ പ്രകടനമായിരുന്നു. വമ്പൻതോൽവിലേക്ക് പോയ ഇന്ത്യയെ ഒരു പരിധിവരെ സഞ്ജു കൈപിടിച്ചു കയറ്റി. ഒപ്പം ശ്രേയസ് അയ്യരും ശർദുൽ താക്കൂറും മികച്ച ബാറ്റിംഗ് പ്രകടനങ്ങൾ കാഴ്ചവെച്ചു. രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ മുൻനിര കൂടി മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പല മേഖലകളിലും സ്ഥിരത കണ്ടെത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. ഡേവിഡ് മില്ലറെപോലെയുള്ള ബാറ്റർമാരെ പിടിച്ചുകെട്ടുന്നതിൽ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യൻ ബോളർമാർ തീർത്തും പരാജയപ്പെട്ടിരുന്നു. ഇതിനെല്ലാം പരിഹാരം ഇന്ത്യ രണ്ടാം മത്സരത്തിൽ കാണും എന്നാണ് പ്രതീക്ഷിക്കുന്നത്.