സഞ്ജുവിനെ ഇന്ന് ഏത് പൊസിഷനിൽ ഇറക്കണം? ഉത്തരമില്ലാതെ ഇന്ത്യൻ ടീം

   

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര കുറച്ചു മണിക്കൂറുകൾക്കുള്ളിൽ ആരംഭിക്കുകയാണ്. മൂന്ന് ഏകദിനങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുക. ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡംഗങ്ങളെ പരമ്പരയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. അതിനാൽതന്നെ ഇന്ത്യയുടെ രണ്ടാം നിരയാണ് പരമ്പരയിൽ കളിക്കുന്നത്. എന്നാൽ ഇന്ത്യൻ നിരയിലെ ചില പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയുടെ സ്ക്വാഡിൽ ഒരുപാട് ടോപ് ഓർഡർ ബാറ്റർമാർ ഉള്ളത് പരമ്പരയിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്നു എന്നാണ് ആകാശ് ചോപ്ര പറഞ്ഞുവയ്ക്കുന്നത്.

   

ശിഖർ ധവാൻ നയിക്കുന്ന ടീമിൽ ബാറ്റർമാരുടെ എണ്ണത്തിലുള്ള വർദ്ധനവ് ഇന്ത്യയുടെ ബാറ്റിംഗ് ഓർഡറിനെ ബാധിച്ചേക്കുമെന്ന് ആകാശ് ചോപ്ര വിശ്വസിക്കുന്നു. സ്ക്വാഡിൽ ഒരുപാട് മധ്യനിര ബാറ്റ്സ്മാന്മാർ ഇല്ലാത്ത സാഹചര്യത്തിൽ ഇഷാൻ കിഷന്റെയും സഞ്ജു സാംസന്റെയും ബാറ്റിംഗ് പൊസിഷൻ സംബന്ധിച്ചാണ് കൂടുതൽ ആശങ്കകൾ നിലനിൽക്കുന്നത്. “ഇഷാൻ കിഷൻ അഞ്ചാം നമ്പറിലും, സഞ്ജു സാംസൺ ആറാം നമ്പറിലും ഇറങ്ങുന്നത് ശരിയല്ല. പക്ഷേ ഇന്ത്യയെ സംബന്ധിച്ച് പരമ്പരയിൽ ഈ ഒരു വഴിയെ കാണുന്നുള്ളൂ. കാരണം വീണ്ടും സ്ക്വാഡിൽ ഒരുപാട് ടോപ് ഓർഡർ ബാറ്റർമാരുണ്ട്.

   

ഇവരെല്ലാം ഐപിഎല്ലിൽ തങ്ങളുടെ ഫ്രാഞ്ചൈസികൾക്കായും സംസ്ഥാനത്തിനായും മികവുതെളിയിച്ചവരും ആണ്.”- ചോപ്ര പറയുന്നു. ഇതോടൊപ്പം ഇന്ത്യക്കായി മൂന്നാം നമ്പറിൽ ആര് കളിക്കണമെന്ന ചോദ്യത്തിനും ചോപ്ര തന്റെ അഭിപ്രായം രേഖപ്പെടുത്തുകയുണ്ടായി. “പട്ടിദാരും തൃപാതിയും സ്ക്വാഡിലുണ്ട്. പക്ഷേ ഇരുവർക്കും കളിക്കാൻ അവസരം ലഭിക്കുമോ എന്നത് കണ്ടറിയണം. നിലവിൽ ഇന്ത്യൻ സ്ക്വാഡിൽ ഒരുപാട് ടോപ്പ് ഓർഡർ ബാറ്റർമാരുണ്ട്.

   

എന്നാൽ എനിക്ക് തോന്നുന്നത് റുതുരാജ് മൂന്നാം നമ്പറിൽ ഇറങ്ങണം എന്നാണ്.”- ചോപ്ര കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം ദുർബലമായ ഒരു മധ്യനിരയാണ് ഇന്ത്യക്കുള്ളതെന്നും ആകാശ് ചോപ്ര പറയുന്നു. ശ്രേയസ് അയ്യരും ഇഷാൻ കിഷനും സഞ്ജു സാംസനും ഇന്ത്യയുടെ മധ്യനിരയിൽ കളിക്കേണ്ടിവരുമെന്നാണ് ആകാശ് ചോപ്ര കരുതുന്നത്. ലക്ക്നൗവിൽ ഇന്ന് ഉച്ചയ്ക്ക് 1.30നാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *