ഇന്ത്യയുടെ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലൂടെ ഫോം കണ്ടെത്തിയ രണ്ട് ബാറ്റർമാരാണ് കെ എൽ രാഹുലും വിരാട് കോഹ്ലിയും. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരങ്ങളിൽ ഇരുവരും മികച്ച പ്രകടനമായിരുന്നു കാഴ്ചവച്ചത്. പരിക്ക് പിടികൂടിയ സാഹചര്യത്തിൽ വലിയൊരു ഇടവേളയ്ക്കു ശേഷമായിരുന്നു രാഹുൽ ഏഷ്യാകപ്പിലൂടെ ഇന്ത്യയിൽ തിരിച്ചെത്തിയത്. കോഹ്ലിയും വലിയ ഇടവേള എടുക്കുകയുണ്ടായി. ലോകകപ്പിന് മുമ്പ് ഇരുവരും തങ്ങളുടെ ഫോം കണ്ടെത്തിയത് ഇന്ത്യയ്ക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.
എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്റി20യിൽ ഇരുവർക്കും വിശ്രമം അനുവദിച്ചത് പല മുൻ ക്രിക്കറ്റർമാരെയും ചൊടിപ്പിച്ചിട്ടുണ്ട്. രണ്ടു മത്സരങ്ങളിലും മികച്ച ഫോമിൽ കളിച്ച രാഹുലിനെയും കോഹ്ലിയെയും മൂന്നാം മത്സരത്തിലും കളിപ്പിക്കേണ്ടതായിരുന്നു എന്നാണ് മുൻ ക്രിക്കറ്റർ ആകാശ് ചോപ്രയുടെ പക്ഷം. ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യിൽ 28 പന്തുകളിൽ 57 റൺസായിരുന്നു കെ എൽ രാഹുൽ നേടിയത്. വിരാട് കോഹ്ലി 28 പന്തിൽ 49 റൺസും.
എന്നാൽ ഇതിനുശേഷം മൂന്നാം മത്സരത്തിൽ ഇരുവർക്കും വിശ്രമം അനുവദിച്ചത് അത്ഭുതം തന്നെയാണ്. ഇതിനെതിരെയാണ് ആകാശ് ചോപ്ര ചോദ്യം ഉന്നയിക്കുന്നത്. “വളരെ മികച്ച രീതിയിൽ കളിക്കുന്ന ഇരുവർക്കും ഇപ്പോൾ വിശ്രമം അനുവദിക്കേണ്ടതിന്റെ ആവശ്യം എന്താണ്?”- ചോപ്ര ചോദിക്കുന്നു. “പരിശീലനങ്ങൾ തുടരുക തന്നെ ചെയ്യണം. നെറ്റ് സെഷനായാലും പരിശീലന മത്സരങ്ങളായാലും. പക്ഷേ അന്താരാഷ്ട്ര മത്സരം മുൻപിൽ ഉള്ളപ്പോൾ ഇവരെ കളിപ്പിക്കാതിരിക്കുന്നതിന്റെ മാനദണ്ഡം എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.
“- ചോപ്ര കൂട്ടിച്ചേർക്കുന്നു. ഇതോടൊപ്പം ഇരുതാരങ്ങൾക്കും കഴിഞ്ഞ പരമ്പരകൾക്ക് മുമ്പ് അനുവദിച്ച വിശ്രമത്തെകുറിച്ചും ചോപ്ര സംസാരിക്കുകയുണ്ടായി. “ഏഷ്യാകപ്പിന് മുമ്പ് ഒരു വലിയ ഇടവേള കോഹ്ലി എടുക്കുകയുണ്ടായി. ഓസ്ട്രേലിയൻ പരമ്പരയ്ക്ക് മുമ്പ് 12 ദിവസത്തെ ഇടവേളയും. ഇപ്പോൾ 15 ദിവസത്തെ ഇടവേളയും ലഭിക്കുന്നു.” – ചോപ്ര പറഞ്ഞുവയ്ക്കുന്നു.