ലോകകപ്പ് ജയിക്കണമെങ്കിൽ ഇന്ത്യ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം!! സാബാ കരീം പറയുന്നു

   

ട്വന്റി20 ലോകകപ്പിലേക്ക് കടക്കുന്നതിനു മുമ്പ് ഒരുപാട് പ്രശ്നങ്ങൾ ഇന്ത്യയെ അലട്ടുന്നുണ്ട്. എല്ലാ വിഭാഗത്തിലും കൃത്യമായ സന്തുലിതാവസ്ഥ കണ്ടെത്താനാവാത്തത് ഇന്ത്യയെ ദോഷകരമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ടോസ് നേടി ബോളിംഗ് തെരഞ്ഞെടുത്ത് ബാറ്റ് ചെയ്യാൻ തയ്യാറാവുന്ന ഇന്ത്യയെയാണ് കാണാനായത്. എന്നാൽ ഓസ്ട്രേലിയയിൽ ഈ തന്ത്രം എത്രമാത്രം വിജയകരമാകുമെന്ന് കണ്ടുതന്നെ അറിയണം. ട്വന്റി20 ലോകകപ്പിലേക്ക് വരുമ്പോൾ മികച്ച പ്രകടനങ്ങൾ കാഴ്ച വയ്ക്കേണ്ടതിന്റെ സമ്മർദ്ദം ഇന്ത്യക്കുണ്ട് എന്നാണ് മുൻ ഇന്ത്യൻ താരം സാബാ കരീം പറയുന്നത്.

   

ഓസ്ട്രേലിയയിലേക്ക് പോകുമ്പോൾ ഇന്ത്യ മാനസികപരമായി ശക്തമായി തന്നെ പോകണമെന്നാണ് സാബാ കരീം പറഞ്ഞുവയ്ക്കുന്നത്. “ഇന്ത്യ മാനസികപരമായി ശക്തമായി നിൽക്കേണ്ടത് അത്യാവശ്യം തന്നെയാണ്. കാരണം ടി20 ലോകകപ്പിൽ അവർ വളരെ വലിയ സമ്മർദത്തിലാണ് ഉള്ളത്. അത് ഓസ്ട്രേലിയയിലാണ് നടക്കുന്നത്. വിക്കറ്റുകൾ വളരെ വ്യത്യസ്തമാണ്.” – സാബാ കരീം പറയുന്നു.

   

നേരത്തെ തന്നെ ഓസ്ട്രേലിയയിലേക്ക് തിരിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സാബാ കരീം ശരിവെക്കുന്നുണ്ട്. ഓസ്ട്രേലിയൻ സാഹചര്യങ്ങൾ വളരെ മികച്ച രീതിയിൽ മനസ്സിലാക്കാൻ ഇത് സഹായകരമാകുമെന്ന് കരീം പറയുന്നു. “ഒക്ടോബർ ആറിന് തന്നെ ഓസ്ട്രേലിയയിലേക്ക് തിരിക്കാനുള്ള ഇന്ത്യൻ ടീമിന്റെ തീരുമാനം പ്രശംസനീയമാണ്. അവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ കൂടുതൽ സമയം ലഭിക്കും നിലവിൽ ഇന്ത്യയ്ക്ക് പ്രയാസകരമായ സാഹചര്യമാണ് ഓസ്ട്രേലിയയിൽ. അതിനോട് പൊരുത്തപ്പെടാൻ ഈ സമയം സഹായകരമാകും.”- കരീം കൂട്ടിച്ചേർക്കുന്നു.

   

നേരത്തെ ഇന്ത്യ അവരുടെ അനായാസമേഖലകളിൽ നിന്ന് പുറത്തു വരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സാബാ കരീം സംസാരിക്കുകയുണ്ടായി. ഇനിയുള്ള മത്സരങ്ങളിൽ ടോസ് നേടിയ ശേഷം ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കണമെന്നും വമ്പൻ ബോളിംഗ് നിരയെ ബുദ്ധിമുട്ടുള്ള സമയത്ത് നേരിട്ട് പരിശീലനം ഉറപ്പുവരുത്തണമെന്നുമാണ് കരീമിന്റെ പക്ഷം.

Leave a Reply

Your email address will not be published. Required fields are marked *