ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20 മത്സരം ഇന്ന് ഗുവാഹത്തിയിൽ നടക്കും. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിൽ തന്നെയാവും ഇന്ത്യൻ നിര ഇന്നിറങ്ങുക. മറുവശത്ത് ആദ്യ ട്വന്റി20യിൽ ഉണ്ടായ പ്രശ്നങ്ങൾ ദക്ഷിണാഫ്രിക്കൻ ടീമിനെ വല്ലാതെ അലട്ടുന്നുണ്ട്. അതിനാൽ തന്നെ മനസ്സിലാക്കിയ തെറ്റുകൾ ഇനി ആവർത്തിക്കാതിരിക്കാനാവും അവർ ശ്രമിക്കുക. എന്തായാലും മത്സരം കടക്കുമെന്ന് ഉറപ്പാണ്.
ഇന്ത്യ മത്സരത്തിൽ നേരിടുന്ന പ്രധാന പ്രശ്നം ബോളിംഗ് തന്നെയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ സിം ബോളർമാർ തുടക്കത്തിൽ നൽകിയ മികച്ച പ്രകടനങ്ങളാണ് ഇന്ത്യയെ രക്ഷിച്ചത്. രണ്ടാം മത്സരത്തിൽ ശ്രദ്ധാകേന്ദ്രമാവുക ഇന്ത്യയുടെ ഡെത്ത് ബോളിംഗ് തന്നെയാവും. സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പരമ്പരയിൽ നിന്ന് ഒഴിവായ സാഹചര്യത്തിൽ ഇന്ത്യയുടെ ഡെത്ത് ബോളിങ് ആശങ്കയിൽ തന്നെയാണ്. ഈ സാഹചര്യത്തിൽ ദീപക് ചാഹർ തന്നെ ഇന്ത്യയുടെ ടീമിൽ തുടരാനാണ് സാധ്യത. കൂടാതെ സ്പിന്നർമാരായ അശ്വിനും ചാഹറും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിൽ ഉണ്ടാവും.
ബാറ്റിംഗിൽ അത്ര വലിയ പ്രശ്നങ്ങൾ നേരിടുന്നില്ല ഇന്ത്യ. ഇന്ത്യൻ ബാറ്റിംഗ് ഓർഡറിലെ മുൻനിര ഏകദേശം സെറ്റിൽ തന്നെയാണ്. രോഹിത് ശർമയും കെഎൽ രാഹുലും ഓപ്പണർമാരായും കോഹ്‌ലിയും സൂര്യകുമാറും അടുത്ത നമ്പറുകളിലും ബാറ്റിംഗിന് ഇറങ്ങും. 5ആം നമ്പറിൽ ദിനേശ് കാർത്തിക്കൊ റിഷഭ് പന്തോ ഇറങ്ങാനാണ് സാധ്യത. എന്തായാലും വരുന്നു ട്വന്റി20കളോടെ ടീമിന് മികച്ച ഒരു ബാലൻസ് കണ്ടെത്താനാകുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.
വൈകിട്ട് 7 മണിക്ക് ഗുവാഹത്തിയിലാണ് മത്സരം ആരംഭിക്കുന്നത്. മത്സരത്തിന് ചെറിയ രീതിയിൽ മഴ ഭീഷണിയുണ്ട്. എന്തായാലും ഒരു 20 ഓവർ മത്സരം തന്നെ ലഭിക്കും എന്ന പ്രതീക്ഷയിലാണ് കാണികൾ. ദക്ഷിണാഫ്രിക്ക തങ്ങളുടെ മുൻനിര ബാറ്റിംഗ് ശക്തിപ്പെടുത്താൻ ശ്രമിക്കുമ്പോൾ ബോളിംഗിൽ സ്ഥിരത കണ്ടെത്താൻ തന്നെയാവും ഇന്ത്യ ഇറങ്ങുക.