ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്ക്വാഡിൽ സഞ്ജു സാംസണെ ഉൾപ്പെടുത്താതെയിരുന്നത് വളരെ അത്ഭുതം തന്നെയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ഇന്ത്യയ്ക്കായി മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും സ്ക്വാഡിൽ ഇടംനേടാൻ സഞ്ജുവിനായില്ല. ഐപിഎല്ലിന് ശേഷം വളരെ കുറച്ചു മത്സരങ്ങൾ മാത്രമായിരുന്നു സഞ്ജു സാംസണ് ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചത്. കാർത്തിക്ക് തന്റെ ഫിനിഷിംഗ് സ്കിൽ കൊണ്ട് ടീമിnന്റെ അഭിവാജ്യഘടകമായപ്പോൾ സഞ്ജുവിന്റെ സാധ്യതകൾ പതിയെ മങ്ങുകയായിരുന്നു. ഇപ്പോൾ സഞ്ജു സാംസൺ അടുത്തതായി എന്താണ് ചെയ്യേണ്ടത് എന്ന് പറയുകയാണ് മുൻ ഇന്ത്യൻ താരം ശ്രീശാന്ത്.
“ഞാനൊരു കേരളീയനാണ്. സഞ്ജുവിനെ എന്നും പിന്തുണയ്ക്കുന്ന ആളുമാണ്. അണ്ടർ 14 കളിക്കുന്നത് മുതൽ ഞാൻ സഞ്ജുവിനെ കാണുന്നുണ്ട്. എന്റെ കീഴിൽ അവൻ കളിച്ചിട്ടുണ്ട്. അവന്റെ ആദ്യ രഞ്ജി ട്രോഫി മത്സരത്തിൽ ക്യാപ് നൽകിയത് ഞാനാണ്. ഇപ്പോൾ ഞാൻ അവനോട് ഒരു കാര്യം ആവശ്യപ്പെടുകയാണ്. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ സഞ്ജു ഇനിയും കളിക്കണം.”- ശ്രീശാന്ത് പറയുന്നു.
“ശരിയാണ്, ഐപിഎൽ പ്രാധാന്യമുള്ളതാണ്. ഐപിഎൽ നമ്മളെ പ്രശസ്തനാക്കും, ലോകത്താകമാനം ആരാധകരെയും ഉണ്ടാക്കും. എന്നാൽ എന്റെ അഭിപ്രായത്തിൽ ഏത് ക്രിക്കറ്ററായാലും തന്റെ സംസ്ഥാനത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നതാണ് നിർണായകം. സഞ്ജു ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് കളിക്കണം. സെഞ്ച്വറികൾ നേടാനല്ല, ഡബിൾ സെഞ്ച്വറികൾ നേടാൻ. അങ്ങനെ കേരള ടീമിനെ രഞ്ജി ട്രോഫി ജെതാക്കൾ ആക്കണം. എങ്ങനെയെങ്കിൽ കേരളത്തിൽ നിന്ന് ഇനിയും കൂടുതൽ ക്രിക്കറ്റർമാർ ഉദിച്ചുയരും.”- ശ്രീശാന്ത് കൂട്ടിച്ചേർക്കുന്നു.
ന്യൂസിലാൻഡ് എ ടീമിനെതിരായ പരമ്പരയിൽ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനങ്ങൾ തന്നെയാണു സഞ്ജു സാംസൺ കാഴ്ചവെച്ചത്. പരമ്പരയിൽ 29, 37, 54 എന്നിങ്ങനെയായിരുന്നു സഞ്ജുവിന്റെ സ്കോറുകൾ. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വരാനിരിക്കുന്ന ഇന്ത്യയുടെ ഏകദിനപരമ്പരയിൽ സഞ്ജു ഉപനായകൻ ആയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ ആറുമുതലാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുക.