ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡ് നാളെ പ്രഖ്യാപിക്കുകയാണ്. ട്വന്റി20 ലോകകപ്പിനുള്ള മുഴുവൻ താരങ്ങൾക്കും പരമ്പരയിൽ വിശ്രമം അനുവദിക്കും. ഏഷ്യാകപ്പിന് മുമ്പ് നടന്ന ഇന്ത്യയുടെ സിംബാബ്വെക്കെതിരെ ഏകദിന പരമ്പരയിലും ഇങ്ങനെ സീനിയർ കളിക്കാർക്ക് വിശ്രമം അനുവദിച്ചിരുന്നു. അതിനാൽ തന്നെ സഞ്ജു സാംസൺ അടക്കമുള്ളവർക്ക് സാധ്യതകളേറെയാണ്.ഒക്ടോബർ ആറിനാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരം നടക്കുക. അന്നുതന്നെയാണ് ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡ് ഓസ്ട്രേലിയയിലേക്ക് തിരിക്കുന്നതും. ഇതാണ് യുവ കളിക്കാർക്ക് അവസരം ലഭിക്കാനുള്ള കാരണം.
നിലവിൽ നടക്കുന്ന ഇന്ത്യ എ യുടെ ന്യൂസിലാൻഡ് എയ്ക്കെതിരായ ഏകദിനപരമ്പര, ദക്ഷിണാഫ്രിക്കൻ ഏകദിന പരമ്പരയിൽ മാനദണ്ഡമാവും. ശിഖർ ധവാനാവും ഇന്ത്യയെ പരമ്പരയിൽ നയിക്കുക. വൈസ് ക്യാപ്റ്റനായി സഞ്ജു സാംസൺ കളിക്കാനാണ് സാധ്യത. വിവിഎസ് ലക്ഷ്മണാവും ഇന്ത്യൻ ടീമിന്റെ പരമ്പരയിലെ മുഖ്യ പരിശീലകൻ.
“രോഹിതും വിരാടുമടക്കം ട്വന്റി 20 ലോകകപ്പിനുള്ള സ്ക്വാടഗങ്ങൾക്ക് പരമ്പരയിൽ വിശ്രമം അനുവദിക്കും. ശിഖർ ധവാനാവും ടീമിനെ നയിക്കുക. എന്തായാലും ഇന്ത്യയുടെ ന്യൂസിലൻഡ് എയ്ക്കെതിരായ അവസാന ഏകദിനത്തിന് ശേഷമാവും സ്ക്വാഡ് സംബന്ധിച്ചുള്ള പൂർണ്ണ വിവരങ്ങൾ പുറത്തു വിടുന്നത്.”- ഒരു ബിസിസിഐ ഒഫീഷ്യൽ പറഞ്ഞു.
ശിഖർ ധവാനോപ്പം റിതുരാജ് ഗെയ്ക്കുവാഡും ഇന്ത്യയുടെ സ്ക്വാഡിൽ അണിനിരക്കാൻ സാധ്യതയുണ്ട്. ഒപ്പം സഞ്ജു സാംസൺ, രാഹുൽ ത്രിപാതി, പൃഥ്വി ഷാ, രജത് പട്ടിദാർ, ശർദുൽ താക്കൂർ, കുൽദീപ് യാദവ് തുടങ്ങിയവരും ടീമിലെ പ്രധാനികളാണ്. എല്ലാത്തരത്തിലും ഇന്ത്യയുടെ രണ്ടാം ടീം തന്നെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങുക. മൂന്നു മത്സരങ്ങളുള്ള പരമ്പര ഒക്ടോബർ ആറിന് ആരംഭിക്കും. എന്തായാലും യുവതാരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാണ് ദക്ഷിണാഫ്രിക്ക സീരിസിലൂടെ വന്നുചേർന്നിരിക്കുന്നത്.