ക്രിക്കറ്റിന്റെ ഉത്സവമായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. 10 ടീമുകളും തങ്ങളുടെ പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കാനും ആരംഭിച്ചു. ഇതിനുമുന്നോടിയായി പല ടീമുകളും തങ്ങളുടെ പ്രധാന കോച്ചുകളെ പോലും മാറ്റി നിർവഹിക്കുകയുണ്ടായി. ഇപ്പോൾ ഐപിഎൽ 2023നെ സംബന്ധിച്ച് കുറച്ചധികം വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ. 2023ലെ ഇന്ത്യൻ പ്രീമിയർ ലീഗിലെ ലേലം നടക്കുന്ന തീയതിയാണ് ബിസിസിഐ വെളിപ്പെടുത്തിയിരിക്കുന്നത്.
2022 ഡിസംബർ 16നാണ് ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള ലേലം നിശ്ചയിച്ചിരിക്കുന്നത്. ലേലം നടക്കുന്ന വേദിയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒരു മിനി ലേലമാവും ഡിസംബറിൽ നടക്കുന്നത്. ലേലത്തിൽ എല്ലാ ടീമുകൾക്കും അഞ്ചുകോടി രൂപയാണ് കൂടുതലായി ഇത്തവണ ചെലവാക്കാൻ സാധിക്കുക. ഇതോടെ ടീമുകൾക്ക് ചിലവഴിക്കാവുന്ന ആകെത്തുക 95 കോടി രൂപ ആയിട്ടുണ്ട്. ഇതിനിടെ ടീമുകൾ കളിക്കാരെ പരസ്പരം കൈമാറ്റം ചെയ്യുകയാണെങ്കിൽ ഈ പേഴ്സിൽ വ്യത്യാസമുണ്ടാവും. ക്രിക്ക്ബസാണ് ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
10 ഫ്രാഞ്ചൈസികളുടെ അനുവാദപ്രകാരമാവും ഡിസംബറിൽ ലേലം നിശ്ചയിക്കുക. 2022 സീസണിൽ പുതിയ രണ്ട് ടീമുകൾ കൂടി ഐപിഎല്ലിലേക്ക് വന്നതോടെ മെഗാ ലേലമായിരുന്നു സംഘടിപ്പിച്ചിരുന്നത്. അതിനാൽ തന്നെ ഇത്തവണ അത്ര വലിയ ലേലം നടക്കില്ല. മാത്രമല്ല ഇത്തവണ ഐ പി എൽ 10 വേദികളിലായി ഹോം-എവേ ഫോർമാറ്റിലാവും നടക്കുക. 2022ൽ കോവിഡ് സാഹചര്യങ്ങളിൽ മൂന്ന് വേദികൾ മാത്രമേ ഐപിഎല്ലിന് ഉണ്ടായിരുന്നുള്ളൂ.
ഇതോടൊപ്പം വനിതാ ഐപിഎല്ലിനുള്ള ആലോചനകളും ബിസിസിഐ തുടരുകയാണ്. അടുത്ത വർഷം ജനുവരിയിലാണ് വനിതാ ഐപിഎൽ നടക്കാൻ സാധ്യത. ലോകത്താകമാനമുള്ള വനിതാ ക്രിക്കറ്റർമാർ വനിതാ ഐപിഎല്ലിൽ തങ്ങളുടെ താല്പര്യം അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളൊക്കെ കൊണ്ടും ആവേശത്തിൽ തന്നെയാണ് ആരാധകർ. ദക്ഷിണാഫ്രിക്കയിലും യൂഎഇയിലും ഇതിനുമുമ്പ് ട്വന്റി20 ലീഗ്കൾ നടക്കുന്നതിനാൽ കളിക്കാരുടെ കാര്യം സംബന്ധിച്ചും വ്യക്തതകൾ വരാനുണ്ട്.